One Year of Mundakkai-Chooralmalai Landslide| മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: ഒരു വര്‍ഷം, മായാത്ത ഓര്‍മ്മകളും അതിജീവനത്തിന്റെ പാഠങ്ങളും

Jaihind News Bureau
Wednesday, July 30, 2025

2024 ജൂലൈ 30, മുണ്ടക്കൈയിലെ വാര്‍ത്ത കേട്ട് കേരളം ഞെട്ടിയുണര്‍ന്ന ദിവസം. ഒരുപിടി സ്വപ്നങ്ങളുമായി അന്തിയുറങ്ങിയ കുറെയേറെ നല്ല മനുഷ്യര്‍ ഒന്നിച്ച് യാത്രയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. നടുക്കുന്ന ഓര്‍മ്മയില്‍ ഇന്നും ദിവസം തള്ളിനീക്കുകയാണ് ഓരോ മലയാളികളും. എന്നാല്‍ സാര്‍ക്കാര്‍ നടപ്പിലാക്കേണ്ട പുനരധിവാസം അനന്തമായി നീളുകയാണ്.

2024 ജൂലൈ 29 ന് രാത്രിയോടെ ആരംഭിച്ച പേമാരിയുടെ പശ്ചാത്തലത്തില്‍, 29-ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടാകുന്നത്. അര്‍ദ്ധരാത്രി 12നും ഒന്നിനും ഇടയില്‍ പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരല്‍മല മേഖലയെ വിഴുങ്ങി അതിഭയാനകമായ ഉരുള്‍ അവശിഷ്ടങ്ങള്‍ കുത്തിയൊലിച്ചെത്തി. പുഴ ഗതിമാറി ഒഴുകുകയും വന്‍മരങ്ങളും പാറകളും ചെളിയും വീടുകള്‍ ഉള്‍പ്പെടെയുള്ളവയെ ഒഴുക്കിക്കൊണ്ടുപോവുകയും ചെയ്തു.

സഞ്ചാരപാതകള്‍ പൂര്‍ണ്ണമായി തകര്‍ന്ന് ഒറ്റപ്പെട്ട പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ വളരെയധികം വെല്ലുവിളികള്‍ നേരിട്ടു. എന്നിരുന്നാലും, സൈന്യം, എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ്, സന്നദ്ധപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് മാതൃകാപരമായ രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. തകര്‍ന്ന പാലത്തിന് മുകളിലൂടെ കയറും ജെസിബിയും ഉപയോഗിച്ച് സിപ്ലൈന്‍ നിര്‍മ്മിച്ച് ഗുരുതരമായി പരിക്കേറ്റവരെയും സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതമായി മറുകരയിലെത്തിച്ചത് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായകമായി.

പല അതിജീവിതരും ഇപ്പോഴും വാടകവീടുകളിലാണ് കഴിയുന്നത്. സര്‍ക്കാര്‍ നല്‍കുന്ന വാടക സഹായം (പ്രതിമാസം 6,000 രൂപ) മതിയാകാതെ വരുന്ന അവസ്ഥയുണ്ടെന്ന് അവര്‍ പറയുന്നു. ഉപജീവനമാര്‍ഗ്ഗങ്ങള്‍ നഷ്ടപ്പെട്ടതും മാനസികാരോഗ്യ പ്രശ്‌നങ്ങളും പലരെയും അലട്ടുന്നുണ്ട്. ദുരന്തത്തില്‍ പരിക്കേറ്റവരില്‍ പകുതിയോളം പേര്‍ക്ക് മാത്രമേ പൂര്‍ണ്ണമായി സുഖം പ്രാപിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇതില്‍ 26% പേര്‍ക്ക് മാത്രമാണ് തുടര്‍ ചികിത്സയ്ക്കുള്ള സര്‍ക്കാര്‍ സഹായം ലഭിക്കുന്നത്.

ഒത്തൊരുമയോടെയും, സ്‌നേഹത്തോടെയും കഴിഞ്ഞിരുന്ന ഒരു തോട്ട മേഖല. പ്രകൃതിരമണീയമായ പ്രദേശം. എല്ലാം ഇന്നൊരു ഓര്‍മ്മ മാത്രം. അവരാരും സമ്പന്നരായിരുന്നില്ല, കുടുംബത്തിലെ സന്തോഷം മാത്രമായിരുന്നു ആകെയുള്ള മുതല്‍ക്കൂട്ട്. കൂട്ടത്തില്‍ തനിച്ചായവരും, മക്കളെ നഷ്ടപ്പെട്ടവരും, മാതാപിതാക്കളെ നഷ്ടപ്പെട്ടവരും ഇങ്ങനെ നഷ്ടങ്ങളുടെ ഒരു കണക്കു പുസ്തകമാണ് മുണ്ടക്കൈക്കാര്‍ക്ക് ജൂലൈ 30. ഇനിയും നിരവധി പേരുടെ മൃതദേഹം ലഭിച്ചിട്ടില്ല. ജീവിതം തിരിച്ചുകിട്ടിയവര്‍ സന്തോഷവും, സമ്പത്തുമടക്കം ഇനി ഒന്നില്‍ നിന്ന് തുടങ്ങണം. നാടിന്റെ നാനാഭാഗങ്ങളിലേക്ക് പറിച്ചുനടപ്പെട്ട ഇവര്‍ക്ക് ആശ്വാസമാകേണ്ട സര്‍ക്കാരും അവഗണിക്കുകയാണ്.