മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. വായ്പ എഴുതിത്തള്ളുന്നതിന് നിലവിലെ നിയമത്തില്‍ വ്യവസ്ഥയില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. വായ്പ എഴുതിത്തള്ളാനുള്ള അധികാരം കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ടി. സിദ്ദിഖ് എം.എല്‍.എ. രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ദുരന്തബാധിതരോട് കേന്ദ്രം സ്വീകരിക്കുന്നത് മനുഷ്യത്വരഹിതമായ സമീപനമാണെന്ന് അദ്ദേഹം പ്രതികരിച്ചു. വായ്പ ഏറ്റെടുക്കാന്‍ നിയമപരമായി കഴിയില്ലെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തിയത് മുന്‍കാല പ്രാബല്യത്തിലല്ല. ദുരന്തം നടന്ന ശേഷമാണ് ഭേദഗതി വന്നത്. അതിനാല്‍, ദുരന്തം നടക്കുമ്പോള്‍ ഈ നിയമം നിലവിലുണ്ടായിരുന്നില്ലെന്നും, ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .