മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചു; NIA ചോദ്യം ചെയ്യും

Jaihind News Bureau
Thursday, April 10, 2025

2008 ലെ മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചു. ഇന്ത്യന്‍ ഇന്റലിജന്‍സ്, അന്വേഷണ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘത്തോടൊപ്പം പ്രത്യേക വിമാനത്തിലാണ് റാണയെ എത്തിച്ചത്. ഡല്‍ഹി വിമാനത്താവളത്തിലെ പാലം ടെക്‌നിക്കല്‍ ഏരിയയില്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെയും സായുധ കമാന്‍ഡോകളുടെയും ഒരു വാഹനവ്യൂഹത്തിന്റെ സുരക്ഷയിലാണ് റാണയെ എന്‍ ഐ എ ഓഫീസിലേയ്ക്ക് എത്തിക്കുക.

പാലം വിമാനത്താവളത്തില്‍ നിന്ന് റാണയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആസ്ഥാനത്തേക്ക് കൊണ്ടുപോകും, അവിടെ ഉയര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. അതിനായി പ്രത്യേക സെല്‍ തയ്യാറാക്കിയിട്ടുണ്ട്. മുംബൈയില്‍ മൂന്ന് ദിവസം നീണ്ടു നിന്ന ആക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ഈ തീവ്രവാദി ആക്രമണത്തിലെ പങ്കിന് റാണയെ വിചാരണ ചെയ്യും. ആക്രമണങ്ങള്‍ക്ക് 15 വര്‍ഷത്തിലേറെയായി നീതി തേടുന്നതില്‍ ഇന്ത്യയ്ക്ക് ലഭിച്ച ഒരു പ്രധാന നയതന്ത്രപരവും നിയമപരവുമായ വഴിത്തിരിവാണ് റാണയെ നാട്ടിലെത്തിച്ചത്