മുംബൈ: മഹാരാഷ്ട്രയില്‍ പരക്കെ രണ്ടു ദിവസമായി തുടരുന്ന അതിശക്തമായ മഴയില്‍ ജനജീവിതം സ്തംഭിച്ചു. സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തിന്റെ ഒട്ടുമുക്കാല്‍ ഭാഗവും വെള്ളക്കെട്ടിലാണ്. നന്ദേഡ് ജില്ലയില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ എട്ടുപേര്‍ മരിച്ചു. സംസ്ഥാനത്തുടനീളം 12 മുതല്‍ 14 ലക്ഷം ഏക്കറിലെ കൃഷി നശിച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 300 മില്ലിമീറ്റര്‍ റെക്കോര്‍ഡ് മഴയാണ് മുംബൈയില്‍ പെയ്തത്. ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ, താനെ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ഗതാഗതം താറുമാറായി, നഗരം ഒറ്റപ്പെട്ടു
കനത്ത മഴയില്‍ മുംബൈയിലെ റോഡ്, റെയില്‍, വ്യോമ ഗതാഗതങ്ങള്‍ പൂര്‍ണ്ണമായും താറുമാറായി. സയണിലെ ഗാന്ധി മാര്‍ക്കറ്റ്, മുംബൈ സെന്‍ട്രല്‍, ദാദര്‍ ടിടി, ഹിന്ദ്മാത, അന്ധേരി സബ്വേ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇതോടെ പലയിടത്തും വാഹനഗതാഗതം പൂര്‍ണമായി നിലച്ചു. ബസ് സര്‍വീസുകള്‍ പലയിടത്തും വഴിതിരിച്ചുവിട്ടു.
ദാദര്‍, മാട്ടുംഗ, പരേല്‍, സയണ്‍ എന്നിവിടങ്ങളില്‍ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വേയിലെ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ 20 മുതല്‍ 30 മിനിറ്റ് വരെ വൈകി. കാഴ്ചപരിധി കുറഞ്ഞതും ട്രെയിനുകള്‍ വൈകാന്‍ കാരണമായി.
മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെയും മഴ സാരമായി ബാധിച്ചു. 253 വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകിയപ്പോള്‍, 163 വിമാനങ്ങള്‍ക്ക് കൃത്യസമയത്ത് ലാന്‍ഡ് ചെയ്യാനായില്ല. എട്ടോളം വിമാനങ്ങള്‍ സൂറത്ത്, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനവും സര്‍ക്കാര്‍ നടപടികളും
അപകടസാധ്യത കണക്കിലെടുത്ത്, നഗരത്തിലെ മിഠി നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് 500ലേറെ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യമന്ത്രി ഫട്‌നാവിസ് അറിയിച്ചു.
റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, ബിഎംസി ഓഫീസുകള്‍ക്ക് (അവശ്യ സര്‍വീസുകള്‍ ഒഴികെ) അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സാധ്യമാകുന്നിടത്തെല്ലാം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുംബൈയിലെയും കൊങ്കണ്‍ മേഖലയിലെയും സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കി.
വ്യാപകമായ കൃഷിനാശവും കന്നുകാലി നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാശനഷ്ടം കണക്കാക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയതായും, എന്‍ഡിആര്‍എഫ് ചട്ടങ്ങള്‍ പ്രകാരം ദുരിതബാധിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.