കണ്ണൂർ : സോളാർ കേസുകള്‍ സി.ബി.ഐക്ക് വിട്ട സംസ്ഥാന സർക്കാർ നടപടി തെരഞ്ഞെടുപ്പ് തോൽവി മുന്നിൽ കണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നടപടി ഇരട്ടത്താപ്പെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റേത് ഹീനമായ പ്രവൃത്തിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ അന്വേഷിച്ച കേസാണിത്. അന്വേഷണത്തിൽ ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. സി.ബി.ഐയെ ഒഴിവാക്കാൻ സർക്കാർ ഖജനാവിൽ നിന്നും കോടികൾ തുലച്ച സർക്കാർ ആണിത്. സി.ബി.ഐക്കെതിരെ മുറവിളി കൂട്ടിയ പിണറായി വിജയന് എപ്പോഴാണ് കേന്ദ്ര ഏജൻസികളോട് ബഹുമാനം വന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പരിഹസിച്ചു.
രാഷ്ട്രീയ പ്രേരിതവും വൈര്യ നിരാതന ബുദ്ധിയോടെയും ഉള്ള നീക്കമാണിത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം മണത്തതുകൊണ്ടാണ് പിണറായി ഇങ്ങനെ ഒരു നീക്കം നടത്തിയത്. ഇത്തരം നീക്കം കൊണ്ടൊന്നും യു.ഡി.എഫിനെ തകർക്കാമെന്ന മോഹം വിലപ്പോവില്ല. സി.ബി.ഐ അന്വേഷിക്കുന്നതിൽ യു.ഡി.എഫിന് യാതൊരു ആശങ്കയുമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.