ശബരിമല പുനഃപരിശോധനാ ഹർജികള്‍ വിശാല ബെഞ്ചിന് വിടാനുള്ള തീരുമാനം സ്വാഗതാര്‍ഹം : മുല്ലപ്പള്ളി രാമചന്ദ്രന്‍

ശബരിമല യുവതീപ്രവേശനത്തിലെ പുനഃപരിശോധനാ ഹർജികള്‍ വിശാല ബെഞ്ചിന് വിടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിശ്വാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകളെ സാധൂകരിക്കുന്നതാണ് വിധിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

എക്കാലവും ജുഡീഷ്യറിയെ മാനിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഈ വിധിയെയും കോണ്‍ഗ്രസ് മാനിക്കുന്നതായും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിശ്വാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകൾ സാധൂകരിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

യുവതീപ്രവേശം സംബന്ധിച്ച് നേരത്തെ വിധി വന്നപ്പോള്‍ പ്രയാർ ഗോപാലകൃഷ്ണനെക്കൊണ്ട് പുനഃപരിശോധനാ ഹർജി നല്‍കിയത് കോണ്‍ഗ്രസാണ്. അതിന് എല്ലാ പിന്തുണയും നല്‍കിയത് കെ.പി.സി.സിയാണ്. വിശ്വാസികളുടെ വികാരം മാനിച്ചുകൊണ്ടുള്ള വിധിയുണ്ടാകുമെന്ന് തന്നെയാണ് പ്രത്യാശയെന്നും മുല്ലപ്പള്ളി പറഞ്ഞു. യു.ഡി.എഫ് ഗവണ്‍മെന്‍റ് അധികാരത്തിലെത്തിയാല്‍ വിധി എതിരാവുകയാണെങ്കില്‍ നിയമനിർമാണം നടത്തുന്നതടക്കം ആലോചിക്കും. ബി.ജെ.പിക്കും എല്‍.ഡി.എഫ് സർക്കാരിനും ഇക്കാര്യത്തില്‍ യാതൊരു ആത്മാർത്ഥതയുമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Comments (0)
Add Comment