ഡല്‍ഹി കലാപത്തില്‍ നിഷ്‌ക്രിയമായ പോലീസിനെ അതിരൂക്ഷമായി വിമര്‍ശിക്കുകയും വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയും ചെയ്ത ഡല്‍ഹി ഹൈക്കോടതി ബെഞ്ചിലെ ജസ്റ്റിസ് മുരളീധറിനെ അര്‍ധരാത്രിയില്‍ അടിയന്തരമായി സ്ഥലം മാറ്റിയ നടപടി രാജ്യം ഫാസിസത്തിന് കീഴ്പ്പെട്ടു എന്നതിനുള്ള തെളിവാണെന്നു കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ പാര്‍ലമെന്‍റും ഭരണഘടന നിര്‍മ്മിത മറ്റുസ്ഥാപനങ്ങളും കാവിവത്ക്കരിച്ചതിന് പിന്നാലെയാണ് അവശേഷിക്കുന്ന ഏക പ്രതീക്ഷയായ ജുഡീഷ്യറിയെ നിശബ്ദമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. പ്രധാനമന്ത്രി മോദിയെ പ്രശംസകൊണ്ടു പൊതിഞ്ഞ സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്രയെപ്പോലുള്ളവരുടെ നടപടി അങ്ങേയറ്റം ആശങ്കാജനകമാണ്. ജനാധിപത്യവിശ്വസികള്‍ നെഞ്ചിടിപ്പോടെയാണ് ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന ഫാസിസ്റ്റ് നടപടികളെ നോക്കികാണുന്നതെന്നു മുല്ലപ്പള്ളി പറഞ്ഞു.
ഡല്‍ഹി മൂന്നു ദിവസം കലാപകലുഷിതമായപ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് ജുഡീഷ്യറിമാത്രമാണ്. ചൊവ്വാഴ്ച അര്‍ധരാത്രിപോലും ജസ്റ്റിസ് മുളീധറിന്റെ വീട്ടില്‍ കോടതി ചേര്‍ന്ന് ഉത്തരവുകള്‍ ഇറക്കി. കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്ത ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, പരവേഷ് വര്‍മ എം.പി, കപില്‍മിശ്ര തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കാനും ഉത്തരവിട്ടു. ജുഡീഷ്യറിയെ ഓര്‍ത്ത് രാജ്യം അഭിമാനം കൊള്ളുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഭ്രാന്തുപിടിച്ച ദേശീയതയുടെയും വര്‍ഗീയതയുടെയും ഉന്മാദാവസ്ഥയാണ് ഡല്‍ഹിയില്‍ കണ്ടത്. മുത്തലാഖ് നിരോധന നിയമം,യു.എ.പി.എ നിയമ ഭേദഗതി, കാശ്മീരിന്റെ സ്വയംഭരണം റദ്ദാക്കല്‍, അയോധ്യാവിധി തുടങ്ങിയ നടപടികളിലൂടെ വര്‍ഗീയത ആളിക്കത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.ഷഹീന്‍ബാദ് സമരക്കാരെ പോലീസ് മര്‍ദ്ദിച്ചൊതുക്കിയതിന്റെ മാതൃകയാക്കിയാണ് ഡല്‍ഹി കലാപത്തിനിടയില്‍ സംഘപരിവാര്‍ ശക്തികള്‍ അഴിഞ്ഞാടിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.