എല്ലാ തെളിവുകളും മുഖ്യമന്ത്രിയിലേക്ക്; രക്ഷപ്പെടാനാവില്ല : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Sunday, October 11, 2020

സ്വര്‍ണ്ണക്കടത്തിലും ലൈഫ്‌ മിഷന്‍ ഇടപാടിലും മുഖ്യമന്ത്രിയുടെ പങ്ക്‌ ഓരോ ദിവസവും കൂടുതല്‍ വ്യക്തമായി പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തനിക്കൊന്നും അറിയില്ലെന്ന്‌ പറഞ്ഞ്‌ മുഖ്യമന്ത്രിക്ക്‌ രക്ഷപെടാനാവില്ലെന്ന്‌ കെ.പി.സി.സി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.

എല്ലാ തെളിവുകളും മുഖ്യമന്ത്രിയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. എത്രനാള്‍ മുഖ്യമന്ത്രിക്ക്‌ അസത്യങ്ങളുടെ മൂട്‌പടം കൊണ്ട്‌ സത്യത്തെ മറയ്‌ക്കാന്‍ കഴിയും. മുഖ്യമന്ത്രിക്ക്‌ സ്വപ്‌നയെ നേരത്തെ തന്നെ അറിയാമായിരുന്നു. സ്‌പേസ്‌ പാര്‍ക്കിലെ അവരുടെ നിയമനം അദ്ദേഹത്തിന്‍റെ അറിവോടെയാണ്‌. സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്ടറേറ്റിന്‌ നല്‍കിയ മൊഴിയില്‍ അത്‌ വ്യക്തമാക്കുന്നു. സ്വന്തം വകുപ്പില്‍ നടന്ന നിയമനം അറിഞ്ഞില്ലെന്ന്‌ പറഞ്ഞ്‌ മുഖ്യമന്ത്രി ജനത്തെ വിഢികളാക്കാന്‍ ശ്രമിക്കുകയാണ്‌.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ യുഎഇ കോണ്‍സല്‍ ജനറല്‍ നടത്തിയെന്ന്‌ പറയപ്പെടുന്ന സ്വകാര്യ കൂടിക്കാഴ്‌ചയ്‌ക്ക്‌ സൗകര്യമൊരുക്കിയത്‌ സ്വപ്‌നയും ശിവശങ്കറുമാണോയെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കണം.

കോണ്‍സുലേറ്റുമായുള്ള കാര്യങ്ങള്‍ നോക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ അനൗദ്യോഗികമായി മുഖ്യമന്ത്രി ചുമതലപ്പെടുത്തിയെന്നു സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്‌. ഇതില്‍ വസ്‌തുതയുണ്ടോയെന്ന്‌ മുഖ്യമന്ത്രിയാണ്‌ പറയേണ്ടത്‌. എന്നാല്‍ അതിനുള്ള തന്‍റേടം മുഖ്യമന്ത്രി കാട്ടുന്നില്ല. മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നത്‌ സത്യപ്രതിജ്ഞാ ലംഘനമാണ്‌. സ്വപ്‌നയുടെ സ്‌പേസ്‌ പാര്‍ക്കിലെ നിയമനം താന്‍ അറിഞ്ഞില്ലെന്നും അത്‌ വിവാദമായപ്പോഴാണ്‌ അറിയുന്നതുമെന്ന പച്ചക്കള്ളമാണ്‌ കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട്‌ ആവര്‍ത്തിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.