മുഖ്യമന്ത്രിയും ശിവശങ്കറും തമ്മിലുള്ള ബന്ധം സുദൃഢം; രക്ഷപ്പെടുത്താമെന്ന് കരുതേണ്ട; പിണറായിയോട് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Thursday, July 16, 2020

അന്വേഷണം എന്ന പ്രഹസനം നടത്തി പേരിന് ഒരു സസ്‌പെന്‍ഷനും നല്‍കി ശിവശങ്കറിനെ സംരക്ഷിക്കാമെന്ന് മുഖ്യമന്ത്രി കരുതണ്ടായെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സസ്‌പെന്‍ഷന്‍ ഒരു ശിക്ഷാ നടപടിയല്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിവാദ ഉദ്യോഗസ്ഥനായ ശിവശങ്കറിനെതിരെ ഗുരുതരമായ ആരോപണങ്ങളും തെളിവുകളും പുറത്ത് വന്നിട്ടും നടപടിയെടുക്കാനുള്ള ‘ഗ്രൗണ്ട് ആയിട്ടില്ലെന്നാണ്’ മുഖ്യമന്ത്രി വിശദീകരിക്കുന്നത്. അതിന് കാരണം മുഖ്യമന്ത്രിയും ശിവശങ്കറും തമ്മിലുള്ള സുദൃഢമായ ബന്ധമാണ്. മന്ത്രിയും ഉദ്യോഗസ്ഥനും എന്നതിനേക്കാള്‍ ആഴമേറിയ ബന്ധമാണ് ഇരുവരും തമ്മില്‍. ഇന്നത്തെ മുഖ്യമന്ത്രി വൈദ്യുതി വകുപ്പിന്‍റെ മന്ത്രിയായിരുന്ന സമയത്ത് തുടങ്ങിയ ബന്ധമാണ് ഇരുവരുടേതും. കുപ്രസിദ്ധമായ ലാവലിന്‍ കേസിലെ സുപ്രധാന തെളിവുകള്‍ അടങ്ങുന്ന ഫയലുകള്‍ കാണാതായതും നശിപ്പിച്ചതും അന്നുതന്നെ വാര്‍ത്തയായിരുന്നു. വൈദ്യുതി ബോര്‍ഡില്‍ സി.എം.ഡി ആയിരുന്നു അന്ന് ശിവശങ്കറെന്നും മുല്ലപ്പള്ളി പറഞ്ഞു.

ശിവശങ്കറിന് മുഖ്യമന്ത്രിമായുള്ള അടുപ്പം പോലെയാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം. സ്വപ്‌ന സുരേഷുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് ശിവശങ്കര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നും മൂന്നും പ്രതികളായ സരിത്തും സന്ദീപ് നായരുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന രേഖകളാണ് പുറത്ത് വന്നത്. കൂടാതെ പ്രതികള്‍ ഗൂഢാലോചന നടത്തിയ ഫ്ലാറ്റ് എടുത്തു നല്‍കിയത് ശിവശങ്കറിന്‍റെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ.ടി ഫെലോയായ ഉദ്യോഗസ്ഥനാണ്. പ്രതികളും ശിവശങ്കറും തമ്മിലുള്ള അവിശുദ്ധബന്ധം പുറത്ത് വന്നിട്ടും മുഖ്യമന്ത്രി ഇദ്ദേഹത്തിന് ഇപ്പോഴും സുരക്ഷാ വലയം ഒരുക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ നിരവധി തവണ സെക്രട്ടേറിയറ്റിലെത്തുകയും മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുകയും ചെയ്തിട്ടുള്ളതായി സി.സി ടിവി പരിശോധിച്ചാല്‍ മനസിലാകും. ദൃശ്യങ്ങള്‍ ലഭ്യമാകുമെന്നിരിക്കെ എന്തുകൊണ്ട് അത് പരിശോധിക്കാന്‍ തയ്യാറാകുന്നില്ല. സോളര്‍ കേസുമായി ബന്ധപ്പെട്ട് സി.സി.ടിവി ദൃശ്യങ്ങളുടെ വിശ്വാസ്യതയെ കുറിച്ച് വാചാലമായി സംസാരിച്ച നേതാവാണ് ഇന്നത്തെ മുഖ്യമന്ത്രി. ഒരു വര്‍ഷം വരെ സി.സി.ടിവി ദൃശ്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രിയ്ക്ക് ഇപ്പോള്‍ എന്തു ന്യായീകരണമാണ് പറയാനുള്ളതെന്നും മുല്ലപ്പള്ളി ചോദിച്ചു.

ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന സി.പി.എമ്മിന്‍റെ നിലപാട് ഏവരേയും ഞെട്ടിക്കുന്നതാണ് രാജ്യദ്രോഹ കുറ്റവാളികള്‍ക്ക് സഹായം നല്‍കിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ എന്തുകൊണ്ട് സി.പി.എം തള്ളിപ്പറയുന്നില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.

ഉദ്യോഗസ്ഥര്‍ ചെയ്ത കുറ്റത്തിന്‍റെ പേരില്‍ രാജന്‍ കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍റെ ചോരയ്ക്കായി ദാഹിച്ചു നടന്നവര്‍ സി.പി.എമ്മുകാരല്ലേ? അതിന്‍റെ മുന്‍പന്തിയില്‍ നിന്നത് ഇന്നത്തെ മുഖ്യമന്ത്രിയല്ലേ?. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കാനുള്ള രാഷ്ട്രീയമാന്യത അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ കാണിച്ചു. അല്‍പ്പമെങ്കിലും രാഷ്ട്രീയ സത്യസന്ധതയുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് അത്തരമൊരു അന്തസുറ്റ നടപടിയാണ് ഉണ്ടാകേണ്ടത്. പക്ഷെ അധികാരത്തില്‍ കടിച്ച് തൂങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ മുഖ്യമന്ത്രിയില്‍ നിന്നും മറ്റെന്തെങ്കിലും പ്രതീക്ഷിക്കുന്നത് മൗഢ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്. സ്പ്രിങ്കളര്‍ ഇടപാടില്‍ വിവാദം ഉണ്ടായപ്പോഴും സി.പി.ഐ പരസ്യമായി രംഗത്ത് വന്നപ്പോഴും ശിവശങ്കറിന് ഇരുമ്പുമറ തീര്‍ത്തത് മുഖ്യമന്ത്രിയാണ്.മുഖ്യമന്ത്രിയുടെ ജീവതരഹസ്യങ്ങളുടെ ഉള്ളറകള്‍ ശിവശങ്കറിന് അറിയുന്നത് കൊണ്ടാണോ അദ്ദേഹത്തെ കൈവിടാത്തതെന്നും മുല്ലപ്പള്ളി ചോദിച്ചു.