വ്യാജവാര്‍ത്തകള്‍ കണ്ടെത്തല്‍; ശ്രീറാമിനെ നിയോഗിച്ചത്‌ പ്രതിഷേധാര്‍ഹം: മുല്ലപ്പള്ളി രാമചന്ദ്രന്‍

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച്‌ കൊന്ന കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്ന സമിതിയില്‍ അംഗമാക്കിയ സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന്‌ കെ.പി.സി.സി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച്‌ ലക്കുംലഗാനും ഇല്ലാതെ വാഹനം ഓടിച്ചതാണ്‌ കെ.എം.ബഷീറിന്‍റെ അപകട മരണത്തിന്‌ കാരണം. ഈ മരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കുകയും സംഭവുമായി ബന്ധപ്പെട്ട്‌ പരസ്‌പര വിരുദ്ധമായ മൊഴി നല്‍കുകയും ചെയ്‌ത വ്യക്തിയാണ്‌ ശ്രീറാം. എന്നാല്‍ ഈ വിവാദ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ്‌ മുഖ്യമന്ത്രി സ്വീകരിച്ചത്‌. കൊവിഡിനെ മറയാക്കി ക്രിമിനല്‍ കേസില്‍ പ്രതിയായ ഇയാളെ സര്‍ക്കാര്‍ തിരിച്ചെടുത്തു. ആരോഗ്യവകുപ്പില്‍ ജോയിന്‍റ്‌ സെക്രട്ടറിയായി നിയമിച്ച ഇദ്ദേഹത്തിന്‌ കൊവിഡ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വാര്‍ റൂമിന്‍റെ ചുമതലയും സി.എഫ്‌.എല്‍.ടി.സികളുടെ ചുമതലയും നല്‍കിയിരുന്നു. ഇദ്ദേഹം ചുമതല ഏറ്റെടുത്ത ശേഷം ഏകോപനം കൃത്യമായി നടന്നില്ലെന്ന്‌ മാത്രമല്ല ശ്രീറാമിന്‍റെ പല നടപടികളും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരസ്യമായ അമര്‍ഷത്തിന്‌ കാരണമായെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരായ വാര്‍ത്തകളെ വ്യാജമെന്നു മുദ്ര കുത്തുന്നതിന്‌ വേണ്ടിയാണ്‌ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ ഫാക്ട്‌ ചെക്‌ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്‌. എതിര്‍ ശബ്ദങ്ങളെ അസഹിഷ്‌ണുതയോടെ നേരിടുന്ന സര്‍ക്കാരിന്‍റെ ഫാസിസ്റ്റ്‌ ശൈലിയുടെ ഭാഗമാണ്‌ ഫാക്ട്‌ ചെക്‌ വിഭാഗമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Comments (0)
Add Comment