മരടിലെ ഫ്‌ളാറ്റുകളിലെ കുടുംബങ്ങള്‍ക്ക് മനുഷ്യത്വപരമായ ആനുകൂല്യം ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പരിസ്ഥിതി നിയമങ്ങള്‍ കർശനമായി പാലിക്കപ്പെടണമെന്ന കാര്യത്തില്‍ തർക്കമില്ല, എന്നാല്‍ ചെയ്യാത്ത കുറ്റത്തിനാണ് 375 കുടുംബങ്ങള്‍ ശിക്ഷ അനുഭവിക്കുന്നത്. ഈ സാഹചര്യമാണ് സർക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പത്രക്കുറിപ്പിന്‍റെ പൂർണരൂപം:
മരടിലെ ഫ്‌ളാറ്റുകളിലെ കുടുംബങ്ങള്‍ക്ക് മനുഷ്യത്വപരമായ ആനുകൂല്ല്യം ലഭിക്കണമെന്നും അതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ നിലനില്പ്പിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പരിസ്ഥിതി നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. പ്രകൃതി ചൂഷണം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. മലകളും പുഴകളും പാടങ്ങളും നീര്‍ച്ചാലുകളും അടങ്ങുന്ന പ്രകൃതി നമ്മുടെ മാത്രമല്ല വരും തലമുറകളുടെയും സ്വത്താണെന്ന് നാം മറക്കരുത്. അതേസമയം എറണാകുളം മരടിലെ അഞ്ച് ഫ്‌ളാറ്റുകളില്‍ താമസക്കാരായ 375 കുടുംബങ്ങള്‍ ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷ അനുഭവിക്കുന്നത്. ഒരു ആയുസ്സിന്റെ സമ്പാദ്യം സ്വരുക്കൂട്ടി ബാങ്ക് വായ്പ്പയുടെ സഹായത്തോടെ സ്വന്തമാക്കിയ സ്വപ്‌ന ഭവനങ്ങളാണ് തീരദേശ നിയമത്തിന്റെ പേരില്‍ പൊളിച്ചു കളയാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നതെന്ന സത്യം അതീവ ദുഖകരമാണെന്ന് പറയാതെ വയ്യ. ഒരു സുപ്രഭാതത്തില്‍ ഇവരെ തെരുവില്‍ ഇറക്കിവിടുന്നത് മനുഷ്യത്വപരമല്ല. പരിസ്ഥിതി ആഘാതം തടയാന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമ്പോള്‍ മരടിലെ ഫ്‌ളാറ്റുകളില്‍ കഴിയുന്ന കുടുംബങ്ങളുടെ കണ്ണീര് കാണാതെ പോകരുത്. കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ കൃത്യമായി നിയമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട കടമ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുണ്ട്. അതേസമയം മരടിലെ ബഹുനില പാര്‍പ്പിട സമുച്ഛയങ്ങള്‍ കെട്ടി ഉയര്‍ത്തിയ നിര്‍മ്മാണ കമ്പനികളുടെ ഒളിച്ചുകളി ദുരൂഹമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.