സ്വർണക്കടത്ത് : സിബിഐ അന്വേഷണത്തിന് പുറമേ കോഫെപോസ നിയമപ്രകാരം കേസെടുക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Tuesday, July 7, 2020

സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിബിഐ അന്വേഷണത്തിന് പുറമെ കോഫെപോസ (കൺസർവേഷൻ ഒഫ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് പ്രിവൻഷൻ ഒഫ് സ്മഗ്‌ളിംഗ് ആക്ടിവിറ്റീസ്) ആക്ട് പ്രകാരം കേസെടുക്കണമെന്നും മുഖ്യമന്ത്രി സ്വപ്ന ലോകത്താണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

സ്വർണ കള്ളക്കടത്ത് കേസിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ഇടത് സർക്കാരിനെ രൂക്ഷമായ ഭാഷയിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചത്.
രാജ്യ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ് കള്ളക്കടത്ത് സംഘവുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ ഇടപാടുകളുടെ മുഖ്യ സൂത്രധാരനാണ് എം.ശിവശങ്കറെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഐ.റ്റി വകുപ്പിൽ സ്വപ്നാ സുരേഷിനെ നിയമിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയും പാർട്ടിയും അറിയാതെ ഒരു നിയമനവും ഇതുവരേയും നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. കണ്ണടച്ച് പാൽ കുടിച്ച പൂച്ചയുടെ ഭാവമാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഉറച്ച നിലപാട് സ്വീകരിക്കണം. ലാവലിൻ കേസിൽ കാട്ടിയ കള്ളക്കളി ഈ കേസിൽ ഉണ്ടാവരുതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.