പായിപ്പാട്ടെ പ്രതിഷേധം ഗൗരവതരം: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം:  ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്ന സംഭവം തികഞ്ഞ ഗൗരവത്തോടെ വിലയിരുത്തണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

അടിസ്ഥാനപരമായി ഇവര്‍ക്കു വേണ്ടത് ഭക്ഷണമാണ്. പായിപ്പാട്ടെ സംഭവം ഒറ്റപ്പെട്ടതായി കാണാന്‍ സാധ്യമല്ല. കോഴിക്കോട് നഗരത്തിന്‍റെ ഹൃദയഭാഗമായ ചാലപ്പുറത്ത് ഒരു വാടകവീട്ടില്‍ താമസിക്കുന്ന 38 അന്യസംസ്ഥാന തൊഴിലാളികള്‍ കഴിഞ്ഞ ചിലദിവസമായി ഭക്ഷണം കിട്ടാതെ വിശന്ന് വലഞ്ഞ് രോഷാകുലരായി തെരുവിലിറങ്ങി തദ്ദേശീയരുമായി ശണ്ഠകൂടിയ സംഭവം ഇന്ന് രാവിലെ തന്‍റെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. കോഴിക്കോട് ഡി.സി.സിയെ ഉടനടി ബന്ധപ്പെട്ട് അവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. ഭക്ഷണം ലഭ്യമായതോടെ ഇവര്‍ ശാന്തരാകുന്ന കാഴ്ചയാണ് കണ്ടത്.

കോഴിക്കോട് പോലുള്ള ചിരപുരാതന നഗരത്തിന്‍റെ ഹൃദയഭാഗത്ത് വര്‍ഷങ്ങളായി താമസിക്കുന്ന ദേശാന്തര തൊഴിലാളികളെ കുറിച്ച് ജില്ലാ ഭരണകൂടത്തിനും കോര്‍പ്പറേഷനും മറ്റ് രാഷ്ട്രീയ-സാമൂഹ്യ സംഘടനകള്‍ക്കും അറിവില്ലാതെ പോയിയെന്നത് കുറ്റകരമായ വീഴ്ചയാണ്.
സംസ്ഥാനത്ത് ഒട്ടുമിക്കയിടങ്ങളിലും ഇവരുടെ അവസ്ഥയിതാണ്. ലോക്ക് ഡൗണ്‍ എപ്പോള്‍ പിന്‍വലിക്കുമെന്ന് അറിയാതെ ഭാവി അനിശ്ചിത്വത്തില്‍ ആയതിന്റെ ആകുലതയും നാട്ടിലുള്ള കുടുംബാംഗങ്ങളെ കുറിച്ചുള്ള അവരുടെ ഉത്കണ്ഠയുമായിരിക്കാം പ്രതിഷേധവുമായി പായിപ്പാട്ടെ തൊഴിലാളികളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ച മുഖ്യഘടകം.

30 ലക്ഷത്തില്‍ അധികം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നാണ് കണക്ക്. ഇവരുടെസാമൂഹ്യ സുരക്ഷ ഉറപ്പുവരുത്താനുള്ള നിയമങ്ങളുണ്ടെങ്കിലും അതിന്‍റെ ഗുണഫലം എത്രപേര്‍ക്ക് കിട്ടിയിട്ടുണ്ടെന്നത് വ്യക്തമല്ല. പലയിടങ്ങളിലും ഇവരെ സാമൂഹ്യവിരുദ്ധന്‍മാരായി കാണുന്ന പ്രവണതയുമുണ്ട്. സമൂഹത്തിന്‍റെ ചിന്തയില്‍ സമൂലമാറ്റം ഉണ്ടാകണം. മനുഷ്യസ്‌നേഹികളുടെ സത്വരശ്രദ്ധ പതിയേണ്ട ഒരു ജീവല്‍പ്രശ്‌നമാണ് അതിജീവനത്തിനായി തെരവിലിറങ്ങിയ ഈ ദേശാടന തൊഴിലാളികളുടേത്. കേരളത്തിന്‍റെ സമ്പദ്ഘടനയില്‍ ഈ അധ്വാനവര്‍ഗത്തിന്‍റെ ക്രിയാശേഷി വലിയപങ്കാണ് വഹിക്കുന്നത്. ഈ സത്യം ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Comments (0)
Add Comment