തിരുവനന്തപുരം : വികസനത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കരാറിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ആരെയാണ് കബളിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പിണറായി സർക്കാരിന്റെ ആഴക്കടല്‍ കൊള്ളക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്.
5000 കോടിയിലേറെ വരുന്ന കരാർ ഒരു തട്ടിക്കൂട്ട് കമ്പനിക്ക് കൊടുത്തത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് ചോദിച്ചു. പാർട്ടി പത്രം കരാറിനെക്കുറിച്ച് കൊട്ടിഘോഷിച്ചതാണ്. ആ കരാറിനെക്കുറിച്ച് ഇപ്പോള്‍ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ആരെ കബളിപ്പിക്കാനാണെന്ന് അദ്ദേഹം ചോദിച്ചു. ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാനാവില്ല. കടലും തീരവും അമേരിക്കൻ കമ്പനിക്ക് വിൽക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തി. യു.ഡി.എഫ് പ്രകടന പത്രികയിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.