പിണറായി വിജയന്‍ കേരളത്തെ മദ്യാലയമാക്കി : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, June 4, 2020

പിണറായി വിജയന്‍ കേരളത്തെ മദ്യാലയമാക്കിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗാന്ധിദര്‍ശന്‍ സമിതിയുടെ നേതൃത്വത്തില്‍ ‘അരുത് മുഖ്യമന്ത്രി, മദ്യം നല്‍കി കുടുംബ ബന്ധങ്ങള്‍ തകര്‍ക്കരുത്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി വീട്ടമ്മമാര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ഏകദിന സത്യഗ്രഹത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യോപയോഗം കുറയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കുകയും പ്രശസ്ത സിനിമാ താരങ്ങളെ ഉപയോഗിച്ച് പ്രചരണം നടത്തുകയും ചെയ്ത ഇടതുമുണണി അധികാരത്തിലെത്തിയ ശേഷം പൂര്‍ണ്ണമായും മദ്യലോബിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് സി.പി.എം തെളിയിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തെ മദ്യവിമുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചത്. അതിന്‍റെ ഭാഗമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 730 ബാറുകള്‍ പൂട്ടി. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വെറും 29 ബാറുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ 605 ബാറുകള്‍ ഉള്‍പ്പെടെ 1298 മദ്യവില്‍പ്പന കൗണ്ടറുകളാണ് പിണറായി സര്‍ക്കാര്‍ തുറന്നത്. മദ്യശാലകള്‍ പൂട്ടിയതിന്‍റെ പേരില്‍ വിഡ്രോവല്‍ സിന്‍ഡ്രോം ഉണ്ടായത് മദ്യാപാനികള്‍ക്കല്ല മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും വ്യവസായ മന്ത്രിക്കുമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

മദ്യശാലകള്‍ തുറന്നപ്പോള്‍ അത്യന്തം ആപല്‍ക്കരവും അരക്ഷിതവുമായ അവസ്ഥയാണ് സംസ്ഥാനത്ത്. മദ്യവില്‍പ്പനശാലകള്‍ അടഞ്ഞുകിടന്നപ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറവായിരുന്നു. കുടുംബഭദ്രത വര്‍ധിച്ചു. മദ്യപന്മാരുടെ കുടുംബങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെട്ടു എന്നാണ് അഡിക് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കമ്പറ നാരായണന്‍, പരശുവെയ്ക്കല്‍ രാധാകൃഷ്ണന്‍, കടകംപള്ളി ഹരിദാസ്, സീനാമാലിക്, ലീലാമ്മ ഐസക്, ലേഖ, ഓമനയമ്മ, ശ്രീകല, സെലിന്‍ ഫെര്‍ണാണ്ടസ്, സുമി, അഭിജിത്ത്, ബാലകൃഷ്ണന്‍ നായര്‍, ഹരികുമാര്‍, വട്ടവിള ഗോപന്‍, അഖില്‍ ഉണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.

teevandi enkile ennodu para