സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരായി തെളിവുകള്‍ പുറത്ത് വന്നാലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അവയൊന്നും മുഖവിലയ്ക്ക് എടുക്കാന്‍ തയ്യാറാകുന്നില്ല. കേസിലെ പ്രതികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറസ്റ്റ് വൈകുന്തോറും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ഉന്നത ബന്ധങ്ങളും സംസ്ഥാനത്ത് വളരെ സ്വാധീനവുമുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിച്ച് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
മണിക്കുറുകളോളം ശിവശങ്കറിനെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയും ചെയ്തത് ഈ നാടകത്തിന്റെ ഭാഗമാണ്. ആഴത്തിലുള്ള സൗഹൃദം മുതലെടുത്ത് പ്രതികള്‍ തന്നെ ചതിക്കുകയായിരുന്നെന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വാദം തൊണ്ടതൊടാതെ വിഴുങ്ങാനാവില്ല.
കള്ളക്കടത്ത് സംഘത്തിലെ സുപ്രധാന കണ്ണികള്‍ക്ക് സ്വര്‍ണ്ണക്കടത്ത് ഗൂഢാലോചന നടത്താനുള്ള താമസസൗകര്യം തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയാണെന്ന വെളിപ്പെടുത്തല്‍ ഒരു തെളിവായിട്ട് പോലും കാണാന്‍ എന്‍.ഐ.എ തയ്യാറാകുന്നില്ല.കര്‍ശന നിയന്ത്രണമുള്ള സംസ്ഥാന അതിര്‍ത്തികള്‍ കടന്ന് പ്രതികള്‍ക്ക് സി.പി.എം ഭരിക്കുന്ന കേരളത്തില്‍ നിന്നും ബി.ജെ.പി ഭരിക്കുന്ന കര്‍ണ്ണാടകത്തിലേക്ക് നിര്‍ഭയമായി സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കിയ ശക്തി കേന്ദ്രത്തിലേക്കും അന്വേഷണം നീങ്ങുന്നില്ല. ഇതിനിടെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തെ സ്ഥലം മാറ്റാനുള്ള നീക്കവും നടന്നു. ഉന്നതങ്ങളിലെ അഴിമതി പുറത്ത് കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെവിക്കൊള്ളാന്‍ തയ്യാറാകുന്നില്ല. ഇരുസര്‍ക്കാരുകള്‍ക്കും സി.ബി.ഐ അന്വേഷണത്തോട് താല്‍പ്പര്യമില്ലാത്ത മട്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും ശക്തമായ നടപടി സ്വീകരിക്കാന്‍ തുടക്കം മുതല്‍ മുഖ്യമന്ത്രി തയ്യാറല്ല.അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കുള്ള കത്തില്‍ മുഖ്യമന്ത്രിയുടെ നടപടികള്‍ ഒതുങ്ങി.വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ സംസ്ഥാന പോലീസിന് കേസെടുക്കാമായിരിന്നിട്ടും ഒന്നും ചെയ്തില്ല. അല്ലെങ്കില്‍ അതിന് ഉത്തരവാദപ്പെട്ടവര്‍ പോലീസിന് നിര്‍ദ്ദേശം നല്കിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.ഇതെല്ലാം മുഖ്യമന്ത്രി കയ്യാളുന്ന ആഭ്യന്തരവകുപ്പിന്റെയും കേരള പോലീസിന്റെയും ആത്മാര്‍ത്ഥത ഇല്ലായ്മയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.