കസ്റ്റംസ് കേസെടുത്തതിലൂടെ സർക്കാരിന്‍റെ പങ്ക് വ്യക്തമായി ; പി.ബിക്ക് പറയാനുള്ളതെന്ത് ? സംസ്ഥാനത്ത് ഭരണകൂട ഭീകരതയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video

Jaihind News Bureau
Saturday, September 19, 2020

തിരുവനന്തപുരം : സർക്കാരിനെതിരായ കസ്റ്റംസ് കേസ് അത്ഭുതപ്പെടുത്തുന്ന വാർത്തയെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വർണ്ണക്കടത്തിൽ സർക്കാരിന്‍റെ പങ്ക് വ്യക്തമാക്കുന്നതാണ് ഈ കേസുകൾ. പോളിറ്റ് ബ്യൂറോയ്ക്ക്‌ എന്താണ് ഇക്കാര്യത്തിൽ പറയാനുള്ളതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിക്ക് രാജിവെക്കാനുള്ള സുവർണാവസരമാണിതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

അല്‍ ഖായ്ദ തീവ്രവാദികളുടെ സാന്നിധ്യം പോലും കണ്ടെത്താന്‍ കഴിയാത്ത വിധം സംസ്ഥാനത്തെ സംവിധാനം തകർന്നിരിക്കുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്ന യുവജനങ്ങൾക്ക് എതിരെ നരനായാട്ട് നടത്തുകയാണ് പോലീസ് ചെയ്യുന്നത്. പ്രാകൃത ഗവണ്‍മെന്‍റാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ഭരണകൂട ഭീകരതയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാരിനെതിരെ ജനങ്ങള്‍ കടുത്ത അമർഷത്തിലും രോഷത്തിലുമാണ്. ഇത് തിരിച്ചറിയാന്‍ കഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്ഥാനം ചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലായിരിക്കും. ഇത്രയും കളങ്കിതനായ ഒരു മുഖ്യമന്ത്രി കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. അദ്ദേഹത്തിനൊപ്പം കുറേ മന്ത്രിമാരും ഉപജാപക വൃന്ദങ്ങളുമാണ് നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും തിരുത്താന്‍ തയാറായില്ലെങ്കില്‍ ചരിത്രം ആര്‍ക്കും മാപ്പ് കൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

https://www.facebook.com/JaihindNewsChannel/videos/2784676021816397