ഇന്ധനവില വര്‍ധന : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനത്തെ കൊള്ളയടിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Monday, June 7, 2021

 

തിരുവനന്തപുരം : തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിച്ച് കേന്ദ്ര-സംസ്ഥാന  സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ 37 ദിവസത്തിനിടെ  21-ാം തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. കൊവിഡ് കാലത്ത് ജനങ്ങളോട് കരുണ കാണിക്കേണ്ട സര്‍ക്കാര്‍ ഉപയോക്താവിനെ അമിത ചൂഷണത്തിന് വിധേയമാക്കുന്നത് ക്രൂരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ പ്രീമിയം പ്രെട്രോള്‍ വില നൂറു രൂപ കടന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഇരുട്ടടി. കൊവിഡ് വ്യാപനം രൂക്ഷമാവുകയും മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗണില്‍ തുടരുകയും ചെയ്യുമ്പോഴാണ് എണ്ണ കമ്പനികളുടെ കൊള്ളയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവില വര്‍ധനവിലൂടെ ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം അടിച്ചേല്‍പ്പിക്കുകയാണ്.

കുതിച്ചുയരുന്ന ഇന്ധനവില ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ സാധന സാമഗ്രികളുടെയും അനിയന്ത്രിത വില വര്‍ധനവിന് വഴിവെക്കും. കമ്പോള ശക്തികളുടെ താല്‍പര്യത്തിന് വേണ്ടി ജനങ്ങളെ എറിഞ്ഞുകൊടുക്കുന്ന സര്‍ക്കാരുകളാണ് കേന്ദ്രത്തിലും കേരളത്തിലുമുള്ളത്. ജനം ദുരിതമനുഭിക്കുമ്പോള്‍ ഇന്ധനവിലയിലെ നികുതി കുറച്ച് ആശ്വാസം നല്‍കാനുള്ള ഉത്തരവാദിത്വം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.