ജലീല്‍, സ്പീക്കർ വിഷയം : മുഖ്യമന്ത്രിയുടേത് കുറ്റകരമായ മൗനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Sunday, April 11, 2021

തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത വിധിയിലും സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്ത വിഷയത്തിലും മുഖ്യമന്ത്രി കുറ്റകരമായ മൗനമാണ് കാണിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ജലീലിന് മന്ത്രിയായി തുടരാൻ അർഹതയില്ലെന്ന് ലോകായുക്ത വിധിച്ചിട്ടും മുഖ്യമന്ത്രി നടപടി എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കുറ്റക്കാരനാണെന്നാണ് ലോകായുക്ത കണ്ടെത്തല്‍. ബന്ധുവായ കെ.ടി.അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീബിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം. വി.കെ. മുഹമ്മദ് ഷാഫി എന്ന ആളാണ് പരാതി നല്‍കിയിരുന്നത്. ആരോപണം പൂര്‍ണമായും സത്യമാണെന്നും ജലീല്‍ സ്വജനപക്ഷപാതം കാട്ടിയെന്നും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കെ.ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് നാളെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിച്ചേക്കും. ലോകായുക്തയുടെ റിപ്പോർട്ടിൽ മൂന്നുമാസത്തിനുള്ളിലാണ് മുഖ്യമന്ത്രി തീരുമാനമെടുക്കേണ്ടത്. ജലീൽ രാജിവെക്കേണ്ടതില്ലെന്ന സിപിഎം നിലപാടിന് പിന്നാലെയാണ് ലോകായുക്ത റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നത്. ജലീല്‍ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും കാണിച്ചെന്നും അതിനാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും സ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്.