കൊവിഡ്‌ രോഗി മരിച്ച സംഭവം ഞെട്ടിക്കുന്നത്‌; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, October 19, 2020

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ജീവനക്കാരുടെ അശ്രദ്ധയെത്തുടര്‍ന്ന്‌ കൊവിഡ്‌ രോഗി മരിക്കാനിടയാക്കിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. അശുഭകരമായ വാര്‍ത്താകളാണ്‌ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട്‌ അടുത്തകാലത്ത്‌ ഉയരുന്നത്‌. രോഗിയെ പുഴുവരിച്ച നിലയില്‍ തിരികെ അയച്ചതും ചികിത്സ നിഷേധിച്ചതിന്‍റെ പേരില്‍ ഇരട്ടക്കുട്ടികള്‍ മരിച്ചതും സമീപകാലത്താണ്‌. ഇടതു ഭരണത്തിലെ ആരോഗ്യമോഡല്‍ നമുക്ക്‌ അപമാനമായി മാറുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോവിഡ്‌ പ്രതിരോധത്തില്‍ കേരളം പൂര്‍ണ്ണമായും പാരജയപ്പെട്ടതിന്റെ തെളിവാണ്‌ കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിമര്‍ശനം.ടെസ്‌റ്റുകളുടെ എണ്ണം കുറച്ച്‌ രോഗികളുടെ എണ്ണത്തില്‍ കുറവ്‌ വരുത്താനാണ്‌ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.ആരോഗ്യ രംഗത്ത്‌ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കാണ്‌ ഇപ്പോഴത്തെ സംസ്ഥാന ഭരണം മങ്ങലേല്‍പ്പിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.