പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും സി.പി.എം നേതൃത്വവും മന്ത്രിതലത്തിലുമുള്ളവര്‍ ക്രമക്കേടിന് പിന്നില്‍ ഉള്‍പ്പെട്ടതിനാല്‍ നിലവില്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം സ്വീകാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉന്നതര്‍ പങ്കാളികളായ ഈ കേസില്‍ കുറ്റക്കാരെ വെള്ളപൂശാനുള്ള ശ്രമത്തിന്‍റെ ഭാഗം മാത്രമാണ് ഡി.ജി.പി ഇപ്പോള്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ ഒരിക്കലും യഥാര്‍ത്ഥ പ്രതികള്‍ നിയമത്തിന്‍റെ മുന്നില്‍ വരില്ല. ജൂനിയറായിട്ടുള്ള ഒന്നോ രണ്ടോ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ പങ്കാളികളായ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് സര്‍ക്കാരും സി.പി.എമ്മും ശ്രമിക്കുന്നത്.
സംഘടിതവും ആസൂത്രിതവുമായി നടന്ന ഈ തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ സംസ്ഥാന പോലീസ് മേധാവിക്ക് പങ്കില്ലെന്ന് പറയാന്‍ ഒരിക്കലും സാധ്യമല്ല. അദ്ദേഹത്തിന്‍റെ അറിവും സമ്മതവുമില്ലാതെ പോലീസ് സേനാംഗങ്ങളുടെ വോട്ടുകളില്‍ കൃത്രിമം നടക്കില്ല. ഈ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതരുടെ പങ്ക് തെളിയിക്കേണ്ടതുണ്ടെന്നും അത് സ്വതന്ത്രവും നീതിയുക്തവുമായ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമേ സാധ്യമാകൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.