ലോക്ക് ഡൗണില്‍ കഷ്ടപ്പെടുന്നവര്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: മുല്ലപ്പള്ളി

രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ അങ്ങേയറ്റം കഷ്ടത അനുഭവിക്കാന്‍ പോകുന്നത് അസംഘടിത തൊഴിലാളികളും നിത്യവൃത്തിക്ക് വക കണ്ടെത്താന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരും ആയിരിക്കുമെന്ന കാര്യം മനസിലാക്കി അടിയന്തിരമായി സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കോവിഡ് 19 നാശം വിതച്ച ലോകത്തിലെ മിക്ക രാജ്യങ്ങളും പ്രത്യാഘാതം തിരിച്ചറിഞ്ഞ് ഭീമമായ സഖ്യയാണ് ജനക്ഷേമം ഉറപ്പുവരുത്താനായി നീക്കിവച്ചിട്ടുള്ളത്.രോഗവ്യാപനം തടയാന്‍ സ്വീകരിച്ച ലോക് ഡൗണ്‍ നടപടി ഒഴിച്ചുകൂടാന്‍ കഴിയാത്ത മുന്‍കരുതല്‍ തന്നെയാണ്.ജനമിത് തിരിച്ചറിയുകയും പൂര്‍ണ്ണമായും സഹരിക്കുകയും ചെയ്യുന്നുമുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ടവരേയും അര്‍ധ പട്ടിണിക്കാരെയും ഒരു പരിഷ്‌കൃത സര്‍ക്കാരിനും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്ന് മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു.

പ്രധാനമന്ത്രി പ്രഖ്യാപിച്ച 15000 കോടിയുടെ പാക്കേജ് 130 കോടി ജനങ്ങളുള്ള ഇന്ത്യപോലുള്ള ഒരു മഹാരാജ്യത്ത് തുലോം നിസാരമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് രണ്ടു ദിവസം മുന്‍പ് ലക്ഷകണക്കിന് കോടിരൂപയുടെ ഇളവുകള്‍ പ്രഖ്യാപിച്ച ഒരു സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്.അതിസമ്പന്നന്‍മാരോടും സഹസ്ര കോടീശ്വരന്‍മാരോടും കോര്‍പ്പറേറ്റ് മുതലാളിമാരോടും ആഭിമുഖ്യം കാണിക്കുമ്പോള്‍ അഷ്ടിക്ക് വകയില്ലാത്തവരെ വിസ്മരിക്കുന്നത് ക്രൂരതയാണ്. പ്രധാനമന്ത്രി അടിയന്തിരമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍ നടപടി സ്വീകരിക്കണം. മിക്ക സംസ്ഥാനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

സാധാരണക്കാരും ചെറുകിടക്കാരുമായ കര്‍ഷകരാണ് കേരളത്തില്‍ മാഹാഭൂരിപക്ഷം. കടബാധ്യത കൊണ്ട് ജപ്തി നേരിടുന്നവരാണ് ഇടത്തരക്കാരും നാമമാത്ര കൃഷിക്കാരും. അവരോട് കരുണകാട്ടി ഒരു വര്‍ഷത്തേക്കെങ്കിലും ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ പൊതുമേഖല, സഹകരണ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും തയ്യാറാകണം.

ലോക്ക് ഡൗണിന്റെ മറവില്‍ അവശ്യവസ്തുകളുടെ വില ക്രമാതീതമായി വര്‍ധിക്കുകയാണ്. ചിലയിടങ്ങളില്‍ പൂഴ്ത്തിവയ്പ്പും വ്യാപകമായിട്ടുണ്ട്. പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും താങ്ങാനാവാത്ത വിലവര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഭക്ഷ്യകാര്യത്തില്‍ സ്വയംപര്യാപ്തത നേടുകയും ഭക്ഷ്യസുരക്ഷിതത്വ നിയമം പാസാക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ഈ നേട്ടങ്ങളെല്ലാം കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവരികയും നടപ്പിലാക്കുകയും ചെയ്തതാണ്. ഇപ്പോള്‍ രാജ്യത്ത് ചുരുങ്ങിയത് മൂന്ന് വര്‍ഷത്തേക്കുള്ള ധാന്യസംഭരണം ഉണ്ടെന്നാണ് വസ്തുനിഷ്ടമായ കണക്ക്. അതുകൊണ്ട് തന്നെ ഭക്ഷ്യ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതായിട്ടില്ല. ആവശ്യമുള്ളത് കേരളം പോലുള്ള ഒരു ഉപഭോക്തൃ സംസ്ഥാനത്തേക്ക് ഭക്ഷ്യധാന്യം അടക്കമുള്ള ചരക്കുകളുടെ തടസ്സം കൂടാത്ത സുഗമാമയ നീക്കമാണ്. ഇന്ത്യന്‍ റയില്‍വെ ചരക്കുഗതാഗതം തടസ്സപെടില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും അവശ്യസാധാനങ്ങളുമായി ട്രക്കുകളിലും ലോറികളുമായി വരുന്ന ചരക്ക് ഗതാഗതം ഉറപ്പുവരുത്താന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

mullappally ramachandranLock Down
Comments (0)
Add Comment