സി.പി.എം ഭരണത്തില്‍ വിദ്യാഭ്യാസ രംഗം താറുമാറായി: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Tuesday, June 9, 2020

Mullapaplly-Ramachandran

 

സി.പി.എം ഭരണത്തില്‍ വിദ്യാഭ്യാസ രംഗം താറുമാറായെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.എസ്.ടി.എയുടെ നേതൃത്വത്തില്‍ ഡി.പി.ഐ ഓഫീസിന് മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിലാദ്യമായി രണ്ട് മന്ത്രിമാരുണ്ടായിട്ടും വിദ്യാഭ്യാസ വകുപ്പിന് നാഥനില്ലാത്ത അവസ്ഥയാണ്. അരാജകത്വം കൊടികുത്തി വാഴുകയാണ്. വകുപ്പുകള്‍ തമ്മില്‍ ഒരു ഏകോപനവുമില്ല. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കി അധ്യാപകരെ രണ്ടുതട്ടിലാക്കി. സര്‍വകലാശാല വിദ്യാഭ്യാസം കുത്തഴിഞ്ഞു. പി.എസ്.സി പരീക്ഷകള്‍ ഉള്‍പ്പെടെയുള്ളവയുടെ വിശ്വാസ്യത തകര്‍ന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

വിദ്യാഭ്യാസം അവകാശമാക്കിയ നമ്മുടെ രാജ്യത്ത് ഓണ്‍ലൈന്‍ പാഠ്യപദ്ധതിയിലൂടെ ഈ സര്‍ക്കാര്‍ വിവേചനം സൃഷ്ടിച്ചു. വിവേചനത്തിന്റെയും പിടിപ്പുകേടിന്‍റേയും ഇരയാണ് ജീവന്‍പൊലിഞ്ഞ ദേവികയെന്ന മിടുക്കിയായ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടി. ഡിജിറ്റല്‍ രംഗത്ത് വിഭാഗിയതയല്ല സമത്വമാണ് വേണ്ടത്.ഡിജിറ്റല്‍ പരിധിയില്‍ വരാത്ത ദാരിദ്രരേഖയ്ക്ക് താഴെയുള്ള 2.6ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

പാഠപുസ്തക വിതരണത്തില്‍ പിണറായി സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥകാട്ടി. തമിഴ്,കന്നട, ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള മീഡിയങ്ങളില്‍ പഠിക്കുന്ന 15 ലക്ഷം കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യമുണ്ട്. ഇവര്‍ക്ക് സൗകര്യം ഒരുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

പ്രൈമറി സ്‌കൂള്‍ത്തലത്തില്‍ 920 ഹെഡ് മാസ്റ്റര്‍മാരുടേയും 2000 അധ്യാപകരുടേയും തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. എത്രയും പെട്ടന്ന് ഇവരുടെ നിയമനം നടത്തണം. അതുപോലെ ഹയര്‍ സെക്കണ്ടറി അധ്യാപകരെ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഇടതുസംഘടന നേതാക്കളുടെ ഇംഗിതത്തിന് അനുസരിച്ചും സ്ഥലം മാറ്റുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, കെ.പി.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.സലാഹുദ്ദീന്‍, വൈസ് പ്രസിഡന്റുമാരായ ജെ.മുഹമ്മദ് റാഫി,അനില്‍ വട്ടപ്പാറ, നിസാം ചിതറ,നെയ്യാറ്റിന്‍കര പ്രിന്‍സ്,അനില്‍ വെഞ്ഞാറിന്‍മൂട്, ഷമീല്‍ കിളിമാനൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.