കോടിയേരിയുടേത് മുഖം നഷ്ടപ്പെട്ട നേതാവിന്‍റെ വിലാപം ; സർക്കാരിന്‍റെ നേട്ടങ്ങൾ ഉയർത്തി  രാഷ്ട്രീയം പറയാൻ തയ്യാറുണ്ടോയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ |VIDEO

Jaihind News Bureau
Sunday, September 27, 2020

 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം മുഖം നഷ്ടപ്പെട്ട നേതാവിന്‍റെ വിലാപമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അഴിമതികളില്‍ മുങ്ങിക്കുളിച്ച സർക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള പരിശ്രമത്തിലാണ് കോടിയേരി. വർഗീയതയെ കൂട്ടുപിടിക്കുന്ന നീക്കം ഇതിന്‍റെ ഭാഗമാണ്. വർഗീയ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാൻ സിപിഎമ്മിന് ധാർമ്മിക അവകാശമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തരാതരം വർഗീയ രാഷ്ട്രീയത്തെ പുണരുകയാണ് സിപിഎം. ദേശീയ പ്രസ്ഥാനകാലത്ത് ജനസംഘവുമായി അവർ കൈകോർത്തിരുന്നു. രാജ്യത്ത് തീവ്രമതവികാരം ഉയർത്തുന്ന പ്രസ്ഥാനങ്ങളുമായും സിപിഎം സഹകരിച്ചു.  ജമാ അത്തെ ഇസ്ലാമിയുടെ സഹായം സ്വീകരിച്ചത് സിപിഎമ്മിന് നിഷേധിക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.  മുങ്ങി താഴ്ന്നു കൊണ്ടിരിക്കുന്ന കപ്പലിന്‍റെ കപ്പിത്താന്‍റെ വിലാപമാണ് കോടിയേരിയുടേത്. സർക്കാരിന്‍റെ നേട്ടങ്ങൾ ഉയർത്തി  രാഷ്ട്രീയം പറയാൻ കോടിയേരി തയ്യാറുണ്ടോയെന്നും  കെപിസിസി അധ്യക്ഷന്‍ ചോദിച്ചു. ഇതുസംബന്ധിച്ച തുറന്ന സംവാദത്തിന് സിപിഎം നേതാക്കളെ ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയുടെ അപ്പോസ്തലന്മാരായി സിപിഎം മാറി. സ്വർണ്ണക്കടത്തുകാരുമായും മയക്കുമരുന്ന് മാഫിയയുമായും ബന്ധപ്പെട്ട് സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയം നാട് തിരിച്ചറിച്ചു. ഇത് തിരിച്ചറിയാത്തത് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാത്രമാണ്. സർക്കാരിന്‍റെ അന്ത്യമടുത്തുവെന്നും എത്രയും വേഗം രാജിവെച്ചൊഴിയുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.