പ്രവാസി വ്യവസായിയുടെ മരണം: സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്ത കൊലപാതകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind Webdesk
Saturday, June 22, 2019

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തെ കൊലപാതകമായേ കാണാൻ സാധിക്കുവെന്ന് ഇത് സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്ത കൊലപാതകമാണെന്നും കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സംഭവത്തിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്നും ഇക്കാര്യത്തില്‍ നഗരസഭയുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയൻ സർക്കാരിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ നഗരസഭ ചെയർപേഴ്‌സൻ പി.കെ ശ്യാമളയ്‌ക്കെതിരെ നരഹത്യയ്ക്ക് കേസ്സെടുത്ത് അന്വേഷിക്കണമെന്ന് കെ.സുധാകരൻ എംപി. പി.കെ ശ്യാമളയുടെ വ്യക്തിപരമായ അജണ്ടയാണ് സാജന്‍റെ കൺവെൻഷൻ സെന്‍ററിന് അനുമതി നൽകാതിരിക്കാൻ കാരണം. ഇ.പി ജയരാജന്‍റെ മകന്‍റെ റിസോർട്ടിനും, വിസ്മയ പാർക്കിനും എന്ത് അനുമതിയാണ് ഉള്ളതെന്നും കെ. സുധാകരൻ പറഞ്ഞു.

ആത്മഹത്യയിൽ കേസ്സെടുക്കുന്നത് പരിശോധിക്കുമെന്ന് പറഞ്ഞ ഡി ജി പി യുടെ കസേരയിൽ എ.കെ ജി സെന്‍ററിലെ പ്യൂണിനെ ഇരുത്തിയാൽ ഇതിലും മാന്യത കാണിക്കുമെന്ന് മുൻ മന്ത്രി കെ.സി ജോസഫ്. സി ഒ ടി നസീർ വധശ്രമ കേസിലും, സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിലും യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി നഗരസഭാ അധ്യക്ഷയെ രക്ഷിക്കാനാണ് ശ്രമം. സി ഒ ടി നസീർ കേസിൽ എ.എൻ ഷംസീറിനെതിരെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറായില്ലെന്നും കെ.സി ജോസഫ് പറഞ്ഞു.

പ്രവാസി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം സൃഷ്ടിച്ച ഭരണ നിർവഹണാധികാരമുള്ള ചെയർപേഴ്‌സൻ പി.കെ ശ്യാമളക്ക് തൽസ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടപെട്ടിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് അവർ സ്ഥാനമൊഴിയുന്നതാണ് ഉചിതമെന്നും വി.എം സുധീരൻ. നഗരസഭ അധ്യക്ഷ ഇതിന് തയ്യാറാകുന്നില്ലെങ്കിൽ അവരെ ചെയർപേഴ്‌സൺ സ്ഥാനത്തു നിന്നും പുറത്താക്കാൻ സി പി എം തയ്യാറാകണം. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ്സെടുത്ത നടപടി സ്വാഗതാർഹമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.