തിരുവനന്തപുരം : വരാന്‍ പോകുന്നത് സമരങ്ങളുടെ നാളുകളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സമീപകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണ് പൊലീസിനെതിരെ സി.എ.ജി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. സി.എ.ജി റിപ്പോർട്ടില്‍ ഡി.ജി.പിക്കെതിരെ പറഞ്ഞിരിക്കുന്ന അഴിമതിയെക്കുറിച്ചും ഇതില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ചും സി.ബി.ഐ അന്വേഷണം വേണം. ഇക്കാര്യം ആവശ്യപ്പെട്ട് മാർച്ച് ഏഴിന് എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും 280 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാർച്ച് നടത്തും. തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനായി ജില്ലാതലത്തിൽ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകളിലെ നികുതിഭാരം സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും ഏറെയാണ്. നികുതി ഭീകരതക്കെതിരെ ഫെബ്രുവരി 26ന് സംസ്ഥാനവ്യാപകമായി വില്ലേജ് ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തും. സംസ്ഥാനത്തെ അതി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികള്‍ തുറന്നുകാട്ടി ജില്ലാതലത്തില്‍ സാമ്പത്തിക സെമിനാറുകള്‍ സംഘടിപ്പിക്കും. വി.ഡി സതീശന്‍ എം.എല്‍.എയ്ക്കാണ് സെമിനാറുകളുടെ ചുമതല.
കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ക്കെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാർ നടത്തുന്ന ജനകീയ പ്രക്ഷോഭ ജ്വാലകളും എം.പിമാരും എം.എൽ.എമാരും നടത്തിയ പദയാത്രകളും വിജയകരം. യാത്രകള്‍ക്കെല്ലാം വലിയ ജനസ്വീകാര്യതയാണ് ലഭിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ സമരപരിപാടികളുമായാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സി.പി.എമ്മിന്‍റെ പ്രക്ഷോഭം കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഭീമമായ തുകയാണ് ലോകകേരള സഭയില്‍ ഭക്ഷണത്തിനും മറ്റുമായി ചെലവഴിച്ചത്. പിണറായി സര്‍ക്കാരിന്‍റെ ധൂര്‍ത്തിനും അഴിമതിക്കുമുള്ള മറ്റൊരു ഉദാഹരണമാണ് ഇത്. ഇതിന് ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഈ പാഴ്ചെലവ് അപലപനീയവും ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയുമാണ്. രാഷ്ട്രീയ കാര്യസമിതി യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.
https://www.facebook.com/JaihindNewsChannel/videos/1095532524126467/