സ്പീക്കര്‍ക്കെതിരെ പുറത്തുവരുന്നത് നാണംകെട്ട കഥകള്‍ ; വെളിപ്പെടുത്തല്‍ ഒറ്റപ്പെട്ടതല്ല : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Sunday, March 28, 2021

 

കോഴിക്കോട് : സ്പീക്കര്‍ക്കെതിരായ വെളിപ്പെടുത്തല്‍ ഒറ്റപ്പെട്ടതല്ലെന്ന് കെപസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. കേന്ദ്രഏജന്‍സികളെ മോദി സര്‍ക്കാര്‍ പുറകില്‍ നിന്നും വലിക്കുന്നു. സ്പീക്കര്‍ ഇപ്പോഴും പ്രതികൂട്ടില്‍ തന്നെയാണെന്നും നാണംകെട്ട കഥകളാണ് പുറത്തുവരുന്നതെന്നും മുല്ലപ്പള്ളി വടകരയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ഗുരുതരവെളിപ്പെടുത്തലുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഹൈക്കോടതിയിൽ ഇഡി സമർപ്പിച്ച രേഖകളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മോശം ഉദ്ദ്യേശത്തോടെ സ്പീക്കർ തന്നെ ഫ്ലാറ്റിലേക്ക് വളിപ്പിച്ചിട്ടുണ്ടെന്നാണ് സ്വപ്നയുടെ മൊഴി. ഒന്നും താൻ ആർക്കും വെറുതെ ചെയ്യില്ലെന്ന് സ്പീക്കർ പറഞ്ഞതായും റിപ്പോർട്ടില്‍ പറയുന്നു

തന്നെ സ്പീക്കർ പേട്ടയിലെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചെന്നാണ് മൊഴി. ഈ ഫ്ലാറ്റ് സ്പീക്കറുടേതാണെന്നും എന്നാൽ അത് മറ്റൊരാളുടേതാണെന്നും സ്വപ്‌ന പറയുന്നു. ഇഡി ഡെപ്യൂട്ടി ഡയറക്ടർക്ക് ഡിസംബർ 18നാണ് മൊഴി നൽകിയതെന്നാണ് സൂചന. അട്ടക്കുളങ്ങരയിലെ വനിതാ ജയിലിൽ വച്ചായിരുന്നു മൊഴി നൽകൽ. സ്പീക്കറുടെ ദുരുദ്ദ്യേശത്തോട് അനുകൂലമായി പ്രതികരിച്ചില്ലെന്നും മൊഴിയിലുണ്ട്. പേട്ടയിലെ മരുതം അപ്പാർട്മെന്‍റിലെ ഫ്ലാറ്റ് സ്പീക്കറുടേതാണെന്ന് കരുതുന്നതായും സ്വപ്ന മൊഴി നല്‍കി.

സ്വർണ്ണക്കടത്ത് കേസ് സരിത്തും നേരത്തെ സ്പീക്കർക്കെ മൊഴി നല്‍കിയിരുന്നു. സ്പീക്കര്‍ യു.എ.ഇ കോണ്‍സുല്‍ ജനറലിന് വന്‍തുക നല്‍കിയെന്ന് സരിത്ത് മൊഴി നല്‍കി. ലോകകേരള സഭയുടെ ലോഗോയുളള ബാഗില്‍ 10 കെട്ട് നോട്ടുനല്‍കി. ബാഗ് തനിക്കും സ്വപ്നയ്ക്കും നല്‍കിയത് തിരുവനന്തപുരത്ത് ഫ്ലാറ്റില്‍ വച്ചെന്നും സരിത് പറഞ്ഞു.

ഔദ്യോഗിക വസതിയിലേക്ക് മടങ്ങിയത് സ്വപ്നയുടെ കാറിലെന്നും സരിത്. ബാഗ് കൈമാറിയത് വിമാനത്താവളത്തിന് എതിര്‍വശമുളള മരുതം റോയല്‍ അപ്പാര്‍ട്മെന്റില്‍വച്ചാണെന്നും സരിത്ത് മൊഴിയില്‍ പറയുന്നു. സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസസ്ഥാപനം തുടങ്ങാന്‍ പദ്ധതി ഇട്ടെന്ന് സ്വപ്നയും മൊഴി നനല്‍കി. മിഡില്‍ ഈസ്റ്റ് കോളജിന്റെ ബ്രാഞ്ച് ഷാര്‍ജയില്‍ തുടങ്ങാനായിരുന്നു നീക്കമെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. ഹൈക്കോടതിയിൽ ഇഡി കൊടുത്ത ഹർജിക്കൊപ്പമാണ് സ്വപ്നയുടെ മൊഴിയുള്ളത്.