ആ വീട്ടിലെ ദുഖം വല്ലാതെ മനസ്സിനെ പിടിച്ചുകുലുക്കി; കൃപേഷിന്റെ സഹോദരിയുടെ വാക്കുകള്‍ കേട്ട് നില്‍ക്കാനായില്ല; താനും മനുഷ്യനല്ലേ, കരഞ്ഞുപോയി: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ വീട് സന്ദര്‍ശിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ സംഭവത്തെക്കുറിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. താനും മനുഷ്യനല്ലെ നിയന്ത്രണം വിട്ടു പോയെന്നും മുല്ലപ്പള്ളി പറഞ്ഞു.
‘കഴിഞ്ഞ അമ്പത് വര്‍ഷമായി കൊലപാതകങ്ങളില്‍പ്പെട്ട് മരിച്ചവര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ഞാന്‍ പോകാറുണ്ട്. വല്ലാത്ത ഹൃദയഭാരത്തോടെയാണ് കൃപേഷിന്റെ വീട്ടില്‍ പോയത്. ആ വീട്ടിലെ ദുഖം വല്ലാതെ മനസ്സിനെ പിടിച്ചുകുലുക്കി. പൂര്‍ണ്ണമായി സംയമനം പാലിക്കുകയും ധൈര്യത്തോടെ കാര്യങ്ങളെ നോക്കിക്കാണുകയും ചെയ്യുന്ന ആളായിരുന്നു ഞാന്‍. എന്നാല്‍ കൃപേഷിന്റെ സഹോദരിയെ കണ്ടപ്പോള്‍ എന്റെ സഹോദരിയുടെ മകളായോ എന്റെ മകളായോ എനിക്ക് കാണാന്‍ സാധിച്ചുള്ളൂ’ -മുല്ലപ്പള്ളി പറഞ്ഞു.

‘ഈ വീട്ടില്‍ ഏട്ടനില്ല. തളര്‍ന്നു കിടക്കുന്ന അച്ഛനാണുള്ളത്. ഞാന്‍ ഒറ്റയ്ക്കാണ് ഈ ചെറ്റ കുടിലില്‍ ജീവിക്കുന്നത് എന്ത് സുരക്ഷിതത്വമാണ് എനിക്ക് ഉള്ളത്. ഈ കുടുംബത്തെ രക്ഷിക്കാന്‍ ആരാണുള്ളത്’ എന്ന ആ കുട്ടിയുടെ വാക്കുകള്‍ കേട്ട് നില്‍ക്കാനായില്ല’.’അത് എനിക്ക് സംഭവിച്ച ദുഃഖമായിട്ട് തോന്നി. അതെനിക്ക് നിയന്ത്രിക്കാനായില്ല. അതുകൊണ്ടാണ് തേങ്ങിപ്പോയതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ നിയന്ത്രിക്കണമായിരുന്നു എന്ന് പിന്നീട് തോന്നി. എന്നാല്‍ ഞാനും ഒരു മനുഷ്യനല്ലേ, കരിങ്കല്ലിന്റെ ഹൃദയമുള്ള ആളല്ലല്ലോ. എന്റെ നിയന്ത്രണം വിട്ട് പോയി.’ മുല്ലപ്പള്ളി വ്യക്തമാക്കി.

Comments (0)
Add Comment