ഇടുക്കി : മുല്ലപ്പെരിയാർ വിഷയത്തില്‍ മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥയുടെ പരമോന്നതിയിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് നടത്തുന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ പോലും സര്‍ക്കാരിനില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. വകുപ്പ് മന്ത്രിമാരെ ഇരുട്ടില്‍ നിർത്തി മുഖ്യമന്ത്രി തീരുമാനം എടുക്കുകയാണ്. സ്വന്തം വകുപ്പിലെ കാര്യങ്ങള്‍ അറിയാത്ത മന്ത്രിമാർ എന്തിനാണ് വകുപ്പില്‍ തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു.
മുല്ലപ്പെരിയാർ വിഷയത്തിൽ സര്‍ക്കാർ കാട്ടുന്ന അലംഭാവത്തിനെതിരെയും വെടിയുക, തമിഴ്നാടുമായി ചേർന്നുള്ള ഒത്തുകളി അവസാനിപ്പിക്കുക, പുതിയ ഡാം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഡീൻ കുര്യാക്കോസ് എംപി 24 മണിക്കൂർ ഉപവാസ സമരം നടത്തുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന നടപടികൾ സ്വീകരിക്കാതെ സംസ്ഥാന സർക്കാർ തമിഴ്നാടുമായി ഒത്തുകളിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്.