പ്രിയ സഹോദരനെ നഷ്ടമായതിന്‍റെ വേദന ; കോൺഗ്രസ്സിനും മതേതര പ്രസ്ഥാനങ്ങൾക്കും വിവി പ്രകാശിന്‍റെ വിയോഗം കനത്ത നഷ്ടം ; മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Thursday, April 29, 2021

തിരുവനന്തപുരം : മലപ്പുറം ഡിസിസി അധ്യക്ഷനും നിലമ്പൂർ യുഡിഎഫ് സ്ഥാനാർത്ഥിയുമായ അഡ്വ. വി.വി പ്രകാശിന്‍റെ നിര്യാണത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വിദ്യാർത്ഥി പ്രസ്ഥാനത്തിലുടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന് മലപ്പുറത്തെ കോൺഗ്രസ്സിന്‍റെ മുഖമായി മാറിയ നേതാവായിരുന്നു പ്രകാശ്. എന്നും സാധാരണക്കാരന്‍റെ ശബ്ദമായിരുന്നു അദ്ദേഹം. ആദർശ ദീപ്തമായ ജീവിതമായിരുന്നു പ്രകാശിന്‍റേത്.

ലാളിത്യമായിരുന്നു മുഖമുദ്ര. എല്ലാവരേയും വേർതിരിവില്ലാതെ ചേർത്തു പിടിക്കുന്നതായിരുന്നു പ്രകാശിന്റെ പ്രവർത്തന ശൈലി. ഇന്നലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിളിച്ചു ചേർത്ത ഡി.സി.സി അധ്യക്ഷൻമാരുടെ യോഗത്തിൽ പ്രകാശ് പങ്കെടുത്തിരുന്നു. ഞാൻ ദീർഘനേരം സംസാരിക്കുകയും ചെയ്തിരുന്നു.
അപ്രതീക്ഷിതമായ വിയോഗ വാർത്ത ഞെട്ടിക്കുന്നതാണ്. എനിക്ക് പ്രിയ സഹോദരനെ നഷ്ടമായതിന്‍റെ വേദനയാണ് ഉള്ളത്. കോൺഗ്രസ്സിനും മതേതര പ്രസ്ഥാനങ്ങൾക്കും വിവി പ്രകാശിന്‍റെ വിയോഗം കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.