സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്തിനായി തര്‍ക്കം; ഒടുവില്‍ മുല്ലക്കരയ്ക്ക് താല്‍ക്കാലിക ചുമതല

വിവാദങ്ങൾക്കൊടുവിൽ മുല്ലക്കര രത്‌നാകരന് സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല. രൂക്ഷമായ വാദപ്രതിവാദങ്ങൾക്കും വാക്കേറ്റത്തിനും ഒടുവിലാണ് സംസ്ഥാന കൗൺസിലിന്‍റെ തീരുമാനം ജില്ലാ കൗൺസിൽ അംഗീകരിച്ചത്. ഇന്ന് ചേർന്ന സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവും ജില്ലാകൗൺസിലും സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം ഒടുവിൽ അംഗീകരിക്കുകയായിരുന്നു.

പ്രായാധിക്യം അടക്കമുള്ള കാരണങ്ങൾ നിരത്തി സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി
എൻ അനിരുദ്ധനെ തൽസ്ഥാനത്ത് നിന്നും നീക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനമെടുത്തതോടെയായിരുന്നു പാർട്ടിയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നത്.
അനിരുദ്ധന് പകരം ആർ രാജേന്ദ്രനെ നിർദേശിച്ച സംസ്ഥാന ഘടകത്തിന്‍റെ തീരുമാനം അംഗീകരിക്കില്ലെന്നായിരുന്നു ജില്ലാഘടകത്തിന്‍റെ ആദ്യം മുതലുള്ള നിലപാട്. ജില്ലാ ഘടകത്തെ അനുനയിപ്പിക്കാൻ സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി മാരത്തൺ ചർച്ചകൾ നടത്തിയെങ്കിലും പരിഹാരം കണ്ടിരുന്നില്ല. വിഭാഗീയതയാണിതിന് കാരണമെന്ന വിമർശനവും സംസ്ഥാന കൗണ്‍സിലിൽ അടക്കം ഉയരുകയും ചെയ്തിരുന്നു. സംസ്ഥാന നേതൃത്വം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ ഒടുവിൽ അനിരുദ്ധൻ രാജിക്കത്ത് നൽകുകയായിരുന്നു. ഇതോടെയാണ് മുല്ലക്കര രത്‌നാകരന് താത്കാലിക ചുമതല നൽകുവാൻ തീരുമാനിച്ചത്. സെക്രട്ടറിയെ സംസ്ഥാനനേതൃത്വം കെട്ടിയിറക്കുന്നുവെന്ന വിമര്‍ശനത്തിലേക്കും ഇത് വഴിവെച്ചു.

എന്നാൽ ഇന്ന് നടന്ന ജില്ലായോഗങ്ങളിലും തുടക്കം മുതൽ കല്ലുകടിയായിരുന്നു. ജില്ലാ കൗൺസിൽ അംഗങ്ങൾ ചേരിതിരിഞ്ഞായിരുന്നു വാക്കേറ്റം. ഒടുവിൽ മുല്ലക്കര രത്‌നാകരനെ സെക്രട്ടറിയാക്കിയ തീരുമാനം അംഗീകരിക്കുവാൻ ഇവർ നിർബന്ധിതരായി. താല്‍ക്കാലിക സെക്രട്ടറിയായി ചുമതലയേറ്റ മുല്ലക്കര രത്‌നാകരൻ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വരെ മാത്രം തുടരാനാണ് സാധ്യത. അതേ സമയം ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറിമാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.
അസിസ്റ്റന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് പി.എസ് സുപാലിന്‍റെയും ആർ രാജേന്ദ്രന്‍റെയും പേരുകൾ ഒരുവിഭാഗം ഉന്നയിച്ചു. എന്നാൽ ഇത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് മതിയെന്ന് യോഗത്തിൽ പങ്കെടുത്ത സംസ്ഥാന നേതാക്കൾ നിലപാടെടുക്കുകയായിരുന്നു.

Comments (0)
Add Comment