മുകുൾ റോയ് തിരികെ തൃണമൂൽ കോൺഗ്രസിലേക്ക് ; ബിജെപിക്ക് വന്‍ തിരിച്ചടി

Jaihind Webdesk
Friday, June 11, 2021

കൊല്‍ക്കത്ത : പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന മുകുൾ റോയ് തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങും. തന്‍റെ മകൻ ശുഭാൻഷുവോടൊപ്പം അദ്ദേഹം കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനമായ തൃണമൂൽ ഭവനിലെത്തി. ബി.ജെ.പിയിൽ താൻ വീർപ്പുമുട്ടുകയായിരുന്നുവെന്ന് മുകുൾ റോയ് പറഞ്ഞതായി അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ പറഞ്ഞു. നിലവിൽ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റാണ് മുകുൾ റോയ്.

ബിജെപിയുടെ രാഷ്ട്രീയ സംസ്‌കാരവും ആശയങ്ങളും ബംഗാളിനു യോജിച്ചതല്ലെന്നും എക്കാലവും ‘അപരിചിതമായി’ തുടരുമെന്നുമാണ് മുകുള്‍ റോയിയുടെ ഇപ്പോഴത്തെ നിലപാടെന്നാണ് അടുത്ത അനുയായികള്‍ സൂചിപ്പിക്കുന്നത്. മമതയെ പോലെ ജനങ്ങളുടെ പള്‍സ് അറിയുന്ന മറ്റൊരു നേതാവില്ലെന്നും അദ്ദേഹം പറയുന്നു.

തൃണമൂൽ വിട്ട്​ ആദ്യം ബി.ജെ.പിയിലേക്ക്​ ചാടിയ നേതാവാണ്​ മുകുൾ റോയ്​. അതിനുശേഷം തൃണമൂൽ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്​ രൂക്ഷമായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ മമത ബാനർജി സർക്കാർ വീണ്ടും അധികാരം പിടിച്ചതോടെ പാർട്ടിയിലേക്ക്​ തിരിച്ചുവരാൻ ഒരുങ്ങുകയാണ്​ പല നേതാക്കളും.