കോഴിക്കോട് മുക്കം ഇരട്ടകൊലപാതകത്തിൽ അറസ്റ്റിലായ പ്രതി ബിർജുവിനെ കോടതി ഒരു ആഴ്ചത്തേക്ക് കസ്റ്റഡിയിൽ വിട്ടു. താമരശ്ശേരി കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. മലപ്പുറം വണ്ടൂർ സ്വദേശി ഇസ്മായിൽ, ബിർജുവിന്റെ മാതാവ് ജയവല്ലി എന്നിവരാണ് കൊല്ലപ്പെട്ടത്.
2017ലാണ് കോഴിക്കോട്ടെ വിവിധ ഇടങ്ങളില്‍ നിന്ന് ശരീരഭാഗങ്ങള്‍ മറിച്ചു മാറ്റിയ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നത്. ചാലിയം കടപ്പുറത്ത് നിന്ന് പലപ്പോഴായി കൈകളും തലയോട്ടിയും പൊലീസിന് ലഭിച്ചു. മുക്കത്ത് നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ശരീരഭാഗങ്ങളും ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരട്ട കൊലപാതകത്തിന്റെ കഥ പോലീസ് കണ്ടെത്തുന്നത്. സ്വത്തു തർക്കത്തിന്റെ പേരിൽ സ്വന്തം അമ്മയെ കൊലപ്പെടുത്താൻ മുക്കം സ്വദേശിയായ ബുർജു കൊല്ലപ്പെട്ട ഇസ്മയിലിന്റെ സഹായം തേടിയിരുന്നു. ഇതേത്തുടർന്നുണ്ടായ സാമ്പത്തിക തർക്കമാണ് ഇസ്മയിലിനെ കൊല്ലാൻ ബുർജുവിനെ പ്രേരിപ്പിച്ചതെന്നും ക്രൈം ബ്രാഞ്ച് ADGP ടോമിൻ തച്ചങ്കരി വ്യക്തമാക്കി.
അതേസമയം കൊല്ലപ്പെട്ട ഇസ്മായിൽ മലപ്പുറം വണ്ടൂർ സ്വദേശിയാണ്. ഇയാൾ നാലു കേസുകളിൽ പ്രതിയാണ്. അമ്മയുടെ കൊലപാതക വിവരം പുറത്തു പറയാതിരിക്കാനും സാമ്പത്തിക തർക്കവുമാണ് ഇസ്മയിലിനെ കൊലപ്പെടുത്താനുള്ള കാരണം. പോലീസിന്റെ കൈവശം നേരത്തെയുണ്ടായിരുന്ന വിരലടയാളവും, അമ്മയുടെ രക്തസാമ്പിളുകൾ വഴി ഡി എൻ എ ടെസ്റ്റ് നടത്തിയുമാണ് കൊല്ലപ്പെട്ടത് ഇസ്മായിൽ ആണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചത്. ശാസ്ത്രീയ പരിശോധനകളും ഫോറൻസിക് പരിശോധനകളുമാണ് കേസിൽ നിർണായക തെളിവുകൾ നൽകിയതെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു.