വേണ്ട രീതിയില്‍ പരിഗണിച്ചില്ല, നിക്ഷേപസംഗമത്തിലെ അവഗണനയില്‍ മുഹമ്മദ് റിയാസിന് അതൃപ്തി

Jaihind News Bureau
Saturday, February 22, 2025

ഇടതു സര്‍ക്കാര്‍ കൊട്ടിഗ്‌ഘോഷിച്ചു നടത്തുന്ന നിക്ഷേപ സംഗമത്തില്‍ കല്ലുകടിയായി മന്ത്രിമാരുടെ മൂപ്പിളമത്തര്‍ക്കം. കൊച്ചിയില്‍ നടക്കുന്ന സംഗമത്തില്‍ വന്നു എന്നു വരുത്തി പേരിനു മാത്രമാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്തത്. കേരളത്തിന് ഏറ്റവും വിദേശ നിക്ഷേപസാദ്ധ്യതയും അവസരവുമുള്ള മേഖലയാണ് വിനോദസഞ്ചാരമെങ്കിലും മന്ത്രി ഇടം തിരിഞ്ഞു നില്‍ക്കുന്നത് തിരിച്ചടിയാവുകയാണ് . ഉദ്ഘാടന സമ്മേളനത്തിലും പിന്നീട് നടന്ന സെഷനുകളിലും നല്‍കിയ പ്രാതിനിധ്യത്തില്‍ റിയാസ് തൃപ്തനല്ല. വ്യവസായ മന്ത്രി രാജീവിന്റെ അപ്രമാദിത്തമാണ് കൊച്ചിയിലെ സമ്മേളനത്തില്‍ ഉള്ളത് . ഇതോടെയാണ് മന്ത്രിമാര്‍ തമ്മിലുള്ള പടലപ്പിണക്കം മറ നീക്കി പുറത്തു വരുന്നത്

നിക്ഷേപ സംഗമത്തില്‍ മന്ത്രി രാജീവ് മന്ത്രിസഭയിലുളള മറ്റുള്ളവരെ അവഗണിച്ചു എന്നതാണ് അതൃപ്തിയുടെ മുഖ്യകാരണമായി പറയുന്നത് . എറണാകുളത്ത് സ്വന്തം തട്ടകത്തില്‍ നടന്ന സര്‍ക്കാര്‍ പരിപാടി രാജീവ് സ്വന്തം പ്രതിച്ഛായ വര്‍ധനവിന് മാത്രമായി ഉപയോഗിച്ചെന്ന് വിമര്‍ശനം. നിക്ഷേപ സംഗമം രാജീവിന്റെ വണ്‍ മാന്‍ ഷോ ആയി മാറ്റിയെന്ന് സി പി എമ്മിനുള്ളില്‍ തന്നെ ആക്ഷേപം ഉയര്‍ന്നു. മുഖ്യമന്ത്രിയ്ക്കു പോലും വേണ്ടത്ര പരിഗണനയില്ല. ധനമന്ത്രി ബി ബാലഗോപാലിനേയും എക്‌സൈസ് മന്തി എം ബി രാജേഷിനേയും അവഗണിച്ചു തുടങ്ങിയ മുറുമുറുപ്പും പരാതിയുമാണ് ഉയരുന്നത്. . ഏറ്റവും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധ്യതയുള്ള മേഖലയാണ് ടൂറിസം . എന്നിട്ടും റിയാസിനെ ഒഴിവാക്കിയതില്‍ കടുത്ത അതൃപ്തിയാണുള്ളത്. പാരലല്‍ സെഷനിലേക്ക് മാത്രമാണ് റിയാസിന് ക്ഷണം നല്‍കിയത്. ദേശീയ പാതയുടെ നിര്‍മ്മാണത്തിന്റെയും റെയില്‍ പാലത്തിന്റേയുമൊക്കെ ക്രെഡിറ്റുകള്‍ അവകാശപ്പെട്ട് ഫ്‌ളക്‌സു വച്ചും സീ പ്ളെയിന്‍ പദ്ധതിയിലുമൊക്കെ നിറഞ്ഞു നിന്ന റിയാസ് മന്ത്രിയ്ക്ക് ഈ അവഗണന സഹിക്കാവുന്നതിനും അപ്പുറമാണ്

ഇതു കൂടാതെ ഉദ്ഘാടന ചടങ്ങ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പ്രഖ്യാപന ചടങ്ങായി മാറിയെന്നും സിപിഎമ്മില്‍ അഭിപ്രായമുണ്ട്. പഴയ ഡല്‍ഹി ബന്ധം ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരെ കൊണ്ട് രാജീവിനെ പുകഴ്ത്തിച്ചെന്ന ഗുരുതരമായ ആരോപണവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നു. കേന്ദ്രമന്തിമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടത്ര പരിഗണന നല്‍കിയില്ല . ഇംഗ്‌ളീഷും ഹിന്ദിയും സംസാരിക്കുന്നവര്‍ക്കിടയില്‍ മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് എല്ലാം മനസ്സിലായി എന്ന മട്ടില്‍ നില്‍ക്കുന്നത് സോഷ്യല്‍ മീഡിയകളില്‍ പോലും ട്രോളുകളായി. ഉദ്ഘാടനസമ്മേളനം രാഷ്ട്രീയമായി ബിജെപി ഹൈജാക്ക് ചെയ്തുവെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ വൈകാതെ താമര വിരിയുമെന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ പരാമര്‍ശത്തിലും സി പി എമ്മിനുള്ളില്‍ കടുത്ത അതൃപ്തിയുണ്ട്. ഇടതു പക്ഷം മുഖ്യപരിപാടിയായി ഉയര്‍ത്തിക്കാട്ട നിക്ഷേപ സംഗമത്തിന്റെ ക്രഡിറ്റ് കേന്ദ്രം കൊണ്ടുപോയെന്ന വിലയിരുത്തലാണ ഉണ്ടായിരിക്കുന്നത്. സില്‍വര്‍ ലൈനിലും ഈസ് ഓഫ് ഡൂയിംഗ് വിഷയത്തിലും ഉണ്ടായ കേന്ദ്ര പ്രഖ്യാപനങ്ങളിലും ഇടതു സര്‍ക്കാരും മുഖ്യമന്ത്രിയും നോക്കുകുത്തിയായി മാറി.

മന്ത്രിസഭയിലും സിപിഎമ്മിലും പിണറായി- റിയാസ് സഖ്യത്തിന്റെസ്വാധീനം ശക്തമായി നിലനില്‍ക്കെയാണ് നിക്ഷേപ സംഗമത്തില്‍ റിയാസിനെ അവഗണിച്ചതായി ആക്ഷേപം ഉയരുന്നത്. ഇടതു സര്‍ക്കാര്‍ പ്രതിരോധത്തില്‍ ആയപ്പോഴൊക്കെ മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനെന്ന നിലയില്‍ മരുമകന്‍ കൂടിയായ മുഹമ്മദ് റിയാസ് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. സീനിയറായ പല മന്ത്രിമാരെ തിരുത്താന്‍ പോലും ആദ്യമായി നിയമസഭ കണ്ട റിയാസ് മുന്നിട്ടിറങ്ങിയപ്പോള്‍ അതിന് മറുപടിയുണ്ടായില്ല. കടകംപള്ളിയും ശിവന്‍കുട്ടിയും ഉള്‍പ്പെടെയുള്ളവര്‍ ആ നാവിന്റെ ചൂടറിഞ്ഞവരാണ്. ഇങ്ങനെ സര്‍വ്വപ്രതാപവാനായ മുഹമ്മദ് റിയാസ്, മന്ത്രിസഭയിലെ രണ്ടാമനെന്നു പോലും വിശേഷിപ്പിക്കപ്പെട്ടു. ഈ റിയാസിനെയാണ് പി രാജീവ് ഒറ്റ സമ്മേളനത്തിലൂടെ സീറോയാക്കിയത്. ഇതേ അഭിപ്രായവും മനോഭാവവുമാണ് മന്ത്രിസഭയിലെ ബാലഗോപാലും രാജേഷും ഉള്‍പ്പടെയുള്ളവര്‍ക്ക് ഉള്ളത്. ഇതിന്റെ അപമാനവും കൊതിക്കെറുവുമാണ് അദ്ദേഹവും സഹമന്ത്രിമാരും പ്രകടിപ്പിക്കുന്നത്.