മുദ്ര പദ്ധതിപ്രകാരം രാജ്യത്ത് സൃഷ്ടിച്ച തൊഴിലവസരങ്ങൾ സംബന്ധിച്ച ലേബർ ബ്യൂറോയുടെ റിപ്പോർട്ട് മോദി സർക്കാർ പൂഴ്ത്തി. മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെൻറ് ആൻഡ് റീഫിനാൻസ് ഏജൻസിയുമായി ബന്ധപ്പെട്ട കണക്കുകൾ അടുത്ത രണ്ട് മാസത്തേക്ക് പുറത്തുവിടേണ്ടെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. നേരത്തെ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട രണ്ട് റിപ്പോർട്ടുകൾ മോദി പൂഴ്ത്തിയതായിരുന്നു.
തൊഴിലില്ലായ്മാ നിരക്ക് വ്യക്തമാക്കുന്ന നാഷണൽ സാംപിൾ സർവേയുടെ റിപ്പോർട്ടും ലേബർ ബ്യൂറോയുടെ ആറാമത് വാർഷിക തൊഴിൽ സർവേ റിപ്പോർട്ടുമാണ് നേരത്തേ മോദി സർക്കാർ പൂഴ്ത്തിയത്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു നാഷണൽ സാംപിൾ സർവേ റിപ്പോർട്ട്. 2017-18 കാലയളവിൽ തൊഴിലില്ലായ്മാനിരക്ക് 6.1 ശതമാനം ആയി കുത്തനെ ഉയർന്നു എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇത് 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിലെത്തിയ പശ്ചാത്തലത്തിൽ റിപ്പോർട്ട് പുറത്തുവിടേണ്ടതില്ല എന്ന് മോദി സർക്കാർ തീരുമാനിച്ചു. മോദി സർക്കാരിൻറെ കാലത്തെ തൊഴിൽ നഷ്ടം വ്യക്തമാക്കുന്നതാണ് ലേബർ ബ്യൂറോയുടെ ആറാമത് വാർഷിക തൊഴിൽ സർവേ റിപ്പോർട്ടും. 2016-17ൽ തൊഴിലില്ലായ്മാ നിരക്ക് നാല് വർഷത്തെ ഏറ്റവും കൂടി 3.9 ശതമാനമായി എന്നാണ് ആറാമത് വാർഷിക റിപ്പോർട്ട് പറയുന്നത്. ഇതും സർക്കാരിന് തിരിച്ചടിയാകുമെന്നതിനാൽ പുറത്തുവിട്ടിട്ടില്ല.
ഇതിന് പിന്നാലെയാണ മുദ്ര പദ്ധതി പ്രകാരം എത്ര പേർക്ക് തൊഴിൽ ലഭിച്ചെന്ന കണക്കും ഫയലിനുള്ളിൽ കുടുങ്ങുന്നത്. ചെറുകിട-ഇടത്തരം സംരംഭകർക്കായി ആരംഭിച്ച മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെൻറ് റീഫിനാൻസ് ഏജൻസി എന്ന മുദ്ര പദ്ധതിക്ക് കീഴിൽ സൃഷ്ടിച്ച തൊഴിലവസരങ്ങൾ സംബന്ധിച്ച് ലേബർ ബ്യൂറോയാണ് സർവേ നടത്തിയത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ റിപ്പോർട്ട് പുറത്തുവിടേണ്ടതില്ല എന്നാണ് സർക്കാർ തീരുമാനമെന്നാണ് റിപ്പോർട്ട്.