മുഡ ഭൂമി ഇടപാടുകേസില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും ലോകായുക്തയുടെ ക്‌ളീന്‍ ചിറ്റ്. ഇവര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ സിവില്‍ സ്വഭാവമുള്ളതാണെന്നും ക്രിമിനല്‍ നടപടികള്‍ക്ക് അര്‍ഹതയില്ലെന്നും ലോകായുക്ത നിരീക്ഷണം നടത്തി. മുഖ്യമന്ത്രിയ്ക്കും ഭാര്യയ്ക്കും പുറമേ കേസില്‍ ഉള്‍പ്പെട്ട രണ്ടു പേരേയും ലോകായുക്ത കുറ്റവിമുക്തരാക്കിയിട്ടുണ്ട്.
മൈസൂര്‍ നഗര വികസന അതോറിറ്റി അഥവാ മുഡയ്ക്കു സ്ഥലം അനുവദിച്ച കേസാണ് ഇത്. സ്ഥലം അനുവദിച്ചതില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റുള്ളവരും ക്രമക്കേടുകള്‍ നടത്തിയതായി ആരോപിച്ചായിരുന്നു പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമം, അഴിമതി നിരോധന നിയമം, ബിനാമി നിരോധനം നിയമം, കര്‍ണാടക ഭൂമി കൈയേറ്റ നിയമം എന്നിവയുടെ ഒന്നിലധികം വകുപ്പുകള്‍ പ്രകാരമാണ് പരാതി ഫയല്‍ ചെയ്തത്. എന്നിരുന്നാലും, ലോകായുക്തയുടെ അന്വേഷണത്തില്‍ ഒരു ക്രിമിനല്‍ തെറ്റും കണ്ടെത്തിയില്ല. ഇതോടെ കേസില്‍ നിന്ന് ഇവരെ കുറ്റവിമുക്തരാക്കുന്നതായി ലോകായുക്ത പ്രഖ്യാപിച്ചു.
പത്രപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ സ്‌നേഹമയി കൃഷ്ണയാണ് പരാതികള്‍ നല്‍കിയത്. ഇവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും . നിയുക്ത മജിസ്ട്രേറ്റിന് മുമ്പാകെ റിപ്പോര്‍ട്ടിനെതിരേ അപ്പീല്‍ നല്‍കാന്‍ ഒരാഴ്ച സമയം നല്‍കിയിട്ടുണ്ട്. കുറ്റങ്ങള്‍ തെളിയിക്കുന്നതിന് മതിയായ തെളിവുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയില്ലെന്നും നിയമപരമായ വ്യവസ്ഥകളെക്കുറിച്ചുള്ള തെറ്റിദ്ധാരണയില്‍ നിന്നായിരിക്കാം ഇത്തരം പൊരുത്തക്കേടുകള്‍ ഉണ്ടായതെന്നും ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.