കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷ വിമര്‍ശനവുമായി എം.ടി. വാസുദേവന്‍ നായര്‍. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആയി മാറിയെന്ന് എം.ടി. തുറന്നടിച്ചു. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുമൂടി. സ്വാതന്ത്ര്യം ഭരണാധികാരികള്‍ എറിയുന്ന ഔദാര്യത്തുണ്ടുകളല്ലെന്നും തെറ്റുപറ്റിയാല്‍ സമ്മതിക്കുന്ന പതിവ് ഇവിടെ ഒരു മഹാരഥനുമില്ലെന്നും എംടി വിമര്‍ശിച്ചു. ആള്‍ക്കൂട്ടത്തെ ആരാധകരായും പടയാളികളായി മാറ്റാമെന്നും അദ്ദേഹം പറഞ്ഞു. ഇഎംഎസിനെ ഒരു നേതൃപൂജകളിലും കണ്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോത്സവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എം.ടി. വാസുദേവന്‍ നായര്‍ രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച് തുറന്നടിച്ചത്. എംടിയുടെ മുഖ്യപ്രഭാഷണം കഴിഞ്ഞയുടന്‍ പിണറായി വേദി വിടുകയും ചെയ്തു.