‘മണ്ടൻ ഉപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട തീരുമാനം’; ചെറു നിക്ഷേപങ്ങളുടെ പലിശ നിരക്ക് വെട്ടിക്കുറച്ചതില്‍ കേന്ദ്രത്തിനെതിരെ പി.ചിദംബരം

Jaihind News Bureau
Wednesday, April 1, 2020

ന്യൂഡല്‍ഹി: ചെറു നിക്ഷേപങ്ങളുടെ പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരെ പി.ചിദംബരം എം.പി. തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ടൻ  ഉപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട തീരുമാനമാണിത്.  സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ ഇന്ത്യയുടെ ജിഡിപി നാല് ശതമാനത്തിന് മുകളിലെത്തിയിട്ടില്ല. ഇപ്പോള്‍ ജിഡിപി വളര്‍ച്ചയെക്കാള്‍ പരിഗണന നല്‍കേണ്ടത് ജനങ്ങളുടെ ജീവിതത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത ദുരിതവും വരുമാനത്തെക്കുറിച്ചുള്ള ആശങ്കയിലുമുള്ളപ്പോള്‍ ജനങ്ങള്‍ അവരുടെ സമ്പാദ്യത്തിന്‍റെ പലിശ വരുമാനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ പുനര്‍വിചിന്തനം നടത്തി ജൂണ്‍ 30നകം പഴയനിരക്കുകള്‍ പുന:സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.