എം പി വിൻസെന്‍റ് തൃശൂരും യു.രാജീവൻ മാസ്റ്റർ കോഴിക്കോടും ഡി സി സി അധ്യക്ഷന്മാർ

Jaihind News Bureau
Tuesday, September 1, 2020

തൃശൂർ, കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികൾക്ക് പുതിയ അധ്യക്ഷന്മാർ. എം പി വിൻസെന്‍റ് തൃശൂരും യു.രാജീവൻ മാസ്റ്റർ കോഴിക്കോടും ഡി സി സി അധ്യക്ഷന്മാരായി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇരുവരുടെയും നിയമനത്തിന് അംഗീകാരം നല്‍കിയതായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

നാല് പതിറ്റാണ്ടിന്‍റെ പ്രവർത്തന പാരമ്പര്യവുമായാണ് എം പി വിൻസെന്‍റ് തൃശൂർ ഡി സി സി യുടെ അമരത്ത് എത്തുന്നത്. ടി എൻ പ്രതാപന്‍റെ പിൻഗാമിയായി വിൻസെന്‍റ് കടന്നു വരുമ്പോൾ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരും ആവേശത്തിലാണ്.

1978 ൽ ചെങ്ങാലൂർ സെന്‍റ് മേരീസ് സ്കൂളിൽ ക്ലാസ് ലീഡർ സ്ഥാനത്തേക്ക് കെ എസ് യു സ്ഥാനാർത്ഥിയായി ആണ് രാഷ്ട്രീയ രംഗത്തെ ഹരിശ്രീ. തൃശ്ശൂർ ജില്ലയിൽ കോൺഗ്രസിന്‍റെ അമരത്തേക്ക് ഉള്ള യാത്രയുടെ തുടക്കമായിരുന്നു അത്. ടി എൻ പ്രതാപൻ കെഎസ്‌യു ജില്ലാ പ്രസിഡണ്ട് ആയിരിക്കുമ്പോൾ ആ കമ്മിറ്റിയിൽ വൈസ് പ്രസിഡന്‍റ് ആയും, പ്രതാപന് ശേഷം 1986 ൽ ജില്ലാ കെ.എസ്‌.യുവിന്‍റെ പ്രസിഡന്‍റ് ആയും പ്രവർത്തിച്ചു. തുടർന്ന് കെ സി വേണുഗോപാൽ സംസ്ഥാന പ്രസിഡന്‍റ് ആയിരുന്ന കെ എസ് യു കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിയായി. തീക്ഷ്ണമായ നിരവധി സമരങ്ങൾക്ക് ആ കാലഘട്ടത്തിൽ എം പി വിൻസെന്‍റ് നേതൃത്വം നൽകി.

പിന്നീട് സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി യുവജന സംഘടനാ രംഗത്തും മികവ് തെളിയിച്ചു. ഡിസിസി ജനറൽ സെക്രട്ടറിയായി ജില്ലയിൽ കോൺഗ്രസിന്‍റെ നിരവധി വിജയങ്ങൾക്ക് ചുക്കാൻ പിടിച്ചു. 2011ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഒല്ലൂർ നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഒല്ലൂർ നിയോജക മണ്ഡലത്തിന്‍റെ ചരിത്രത്തിലാദ്യമായി 486 കോടി രൂപയുടെ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിന് നേതൃത്വം നൽകി ഭരണ രംഗത്തും എം പി വിൻസെന്‍റ് മികവ് കാണിച്ചു. ഒടുവിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ പദം തേടി എത്തുമ്പോൾ അത് അർഹതക്കുള്ള അംഗീകാരമായി തന്നെയാണ് കോൺഗ്രസ് പ്രവർത്തകരും കാണുന്നത്.

സംഘടന രംഗത്തെ കാർക്കശ്യവും പ്രവർത്തനത്തിലെ സജീവതയുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കോഴിക്കോട് ഘടകത്തിന്റെ പുതിയ അധ്യക്ഷൻ യു രാജീവൻ മാസ്റ്ററുടെ മുഖമുദ്ര. പ്രവർത്തന രംഗത്തെ മികവ് പുതിയ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉയർത്തുമ്പോൾ പ്രവർത്തകരുടെ പ്രതീക്ഷകളും വളരുകയാണ്.

ദേശീയ പ്രസ്ഥാനകാലം മുതല്‍ മഹാരഥന്മാര്‍ അമരം കാത്ത കോഴിക്കോട്ടെ കോണ്‍ഗ്രസിനെ ഇനി യു രാജീവന്‍ മാസ്റ്റര്‍ നയിക്കും. താഴെത്തലത്തില്‍ നിന്നും പടിപടിയായി സംഘടനാ രംഗത്ത് കഴിവുതെളിയിച്ച രാജീവന്‍ മാസ്റ്റര്‍ പ്രസ്ഥാനത്തിലും മുന്നണിയിലും പൊതുരംഗത്തും തന്റെ വേറിട്ട സംഘാടന മികവാലാണ് കയ്യൊപ്പ് ചാര്‍ത്തിയത്. പ്രവര്‍ത്തകരുടെ ഏത് ആവശ്യത്തിനും എവിടെയും ഓടിയെത്താനുള്ള ഊര്‍ജ്ജസ്വലതയാണ് രാജീവന്‍ മാസ്റ്ററെ എന്നും പ്രിയങ്കരനാക്കിയത്. നിലവില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉപാധ്യക്ഷനായിരിക്കുമ്പോഴാണ് ചരിത്ര ദൗത്യം കയ്യേല്‍ക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന നിര്‍വ്വാക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് കെ പി സി സി നിര്‍വ്വാക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് എന്നിവയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, പിഷാരികാവ് ദേവസ്വം മുന്‍ ട്രസ്റ്റി ചെയര്‍മാന്‍, കൊയിലാണ്ടി സര്‍വ്വീസ് കരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചു.

നിലവില്‍ കൊയിലാണ്ടി നഗരസഭാ പ്രതിപക്ഷ നേതാവാണ്. മൂന്നുതവണ വടകര പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ച് യു ഡി എഫിന് തുടർച്ചയായി അട്ടിമറി വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇപ്പോള്‍ യു ഡി എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ കണ്‍വീനറാണ്.

ഉണിത്രാട്ടില്‍ പരേതനായ കുഞ്ഞിരാമന്‍ നായരുടെയും ലക്ഷമി അമ്മയുടെയും മകനാണ്. ഭാര്യ ഇന്ദിര.