കൊവിഡ് പ്രതിരോധത്തിനായി എം.പി ഫണ്ടിൽ നിന്നും അനുവദിച്ച തുക ചെലവാക്കുന്നില്ല; സർക്കാർ നടപടിക്കെതിരെ അടൂർ പ്രകാശ് എം.പി

Jaihind News Bureau
Saturday, July 25, 2020

Adoor-Prakash

 

ആറ്റിങ്ങൽ പാർലമെന്‍റ്  പരിധിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി  എം.പി ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ 5 മാസമായിട്ടും ചെലവാക്കുന്നില്ലെന്ന് അടൂർ പ്രകാശ് എം.പി. ജനങ്ങൾ ചികിത്സയ്ക്കും മറ്റ് സൗകര്യങ്ങൾക്കും വളരെ പ്രയാസപ്പെടുന്ന ഈ സാഹചര്യത്തിൽ പോലും അനുവദിച്ച തുക ചെലവഴിക്കാൻ ഉള്ള നടപടികൾ സർക്കാരിന്‍റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വര്‍ക്കല,ചിറയിന്‍കീഴ്,നെടുമങ്ങാട്,കാട്ടാക്കട എന്നീ താലൂക്കിലെ അഞ്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ഐ.സി.യു വെന്‍റിലേറ്റര്‍, ഐ.സി.യു ബെഡ്,മള്‍ട്ടിപാരാ മോണിറ്റര്‍ സിസ്റ്റം തുടങ്ങിയവ വാങ്ങാനായിട്ടായിരുന്നു തുക അനുവദിച്ചത്. പണം അനുവദിച്ചത് ചൂണ്ടികാട്ടി കളക്ടര്‍ക്ക് കത്തും നല്‍കി. കൊവിഡ് 19 രൂക്ഷമായിട്ടും ഈ ഉപകരണങ്ങള്‍ വാങ്ങുന്നതിനു നടപടിയുണ്ടായില്ല.

ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട സർക്കാർ എം.പി  ഫണ്ടിൽ നിന്നും അനുവദിച്ച തുക ചെലവഴിക്കാതെ രാഷ്‌ട്രീയം കളിക്കുകയാണോ എന്ന് സംശയം ഉളവാക്കുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകുന്ന എം.പി ഫണ്ട് വിനിയോഗിക്കുന്നതിൽ പോലും സർക്കാർ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഉണ്ടായ ഈ വീഴ്ച ഗൗരവത്തോടെ കാണേണ്ടതാണ്.  അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കണം എന്നത് ജനകീയ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ആറ്റിങ്ങൽ പാർലമെന്റ് പരിധിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് MP ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ 5 മാസമായിട്ടും ഇതുവരെയും ചെലവഴിക്കാൻ കഴിയാത്തത് കേരളം ഭരിക്കുന്നത് എന്നാൽ ഇതിൽ കളക്ടർ നടപടികൾ സ്വീകരിക്കാത്ത കാരണം ഏപ്രിൽ മാസം ഒമ്പതാം തീയതി വീണ്ടും കത്ത് നൽകി. കളക്ടർ കത്തിൽ മറുപടി നൽകാത്തതിനാൽ കലക്ടർ DMO എന്നിവരെ ഫോണിൽ ബന്ധപ്പെട്ട് വിവിധ താലൂക്കുകളിൽ ഉള്ള 5 ആശുപത്രികളിൽ ഈ തുക ഉപയോഗിച്ച് സ്ഥാപിക്കേണ്ട പ്രതിരോധ ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കി.
ചിറയിൻകീഴ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ICU വെന്റിലേറ്ററും ICU ബെഡും മൾട്ടിപാരാ മോണിറ്റർ സിസ്റ്റവും ഉൾപ്പെടെ 11, 66, 199 /-രൂപയും ആറ്റിങ്ങൽ വലിയകുന്നു താലൂക്ക് ആശുപത്രിയിൽ ICU വെന്റിലേറ്ററും ICU ബെഡും മൾട്ടിപാരാ മോണിറ്റർ സിസ്റ്റം ഉൾപ്പെടെ 11, 66, 199 /- രൂപയും വർക്കല താലൂക്ക് ആശുപത്രിയിൽ ICU വെന്റിലേറ്റർ സ്ഥാപിക്കുന്നതിന് 9, 76, 921/- രൂപയും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പോർട്ടബിൾ ICU വെന്റിലേറ്ററും ICU ബെഡും മൾട്ടിപാരാ മോണിറ്റർ സിസ്റ്റം ഉൾപ്പെടെ ഉള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് 8, 44, 695/- രൂപയും മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോർട്ടബിൾ ICU വെന്റിലേറ്ററും ICU ബെഡും മൾട്ടിപാരാ മോണിറ്റർ സിസ്റ്റം ഉൾപ്പെടെ ഉള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് 8, 44, 695/- രൂപയുമാണ് ഈ വിധത്തിൽ അനുവദിച്ചത്.
എന്നാൽ ജനങ്ങൾ ചികിത്സയ്ക്കും മറ്റ് സൗകര്യങ്ങൾക്കും വളരെ പ്രയാസപ്പെടുന്ന ഈ സാഹചര്യത്തിൽ പോലും അനുവദിച്ച തുക ചെലവഴിക്കാൻ ഉള്ള നടപടികൾ സർക്കാരിൻറെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട സർക്കാർ MP ഫണ്ടിൽ നിന്നും അനുവദിച്ച തുക ചിലവഴിക്കാതെ രാഷ്‌ടീയം കളിക്കുകയാണോ എന്ന് സംശയം ഉളവാക്കുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകുന്ന MPഫണ്ട് വിനിയോഗിക്കുന്നതിൽ പോലും സർക്കാർ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഉണ്ടായ ഈ വീഴ്ച ഗൗരവത്തോടെ കാണേണ്ടതാണ്. ഇത് അന്വേഷിച്ചു കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കണം എന്നത് ജനകീയ ആവശ്യമാണ്.