മലപ്പുറത്ത് കെ റെയില്‍ കുറ്റികള്‍ ഇറക്കാന്‍ നീക്കം; കൊണ്ടുവന്ന ലോറിയില്‍ തന്നെ തിരികെ കയറ്റിവിട്ട് നാട്ടുകാർ

Jaihind Webdesk
Monday, June 20, 2022

മലപ്പുറം: തിരുനാവായയിൽ കെ റെയിൽ കുറ്റികൾ ഒരുമിച്ച് കൂട്ടി വെക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. മിനി ലോറിയിൽ കൊണ്ടുവന്ന കെ റെയിൽ കുറ്റികൾ തിരുനാവായ മേൽപ്പാലത്തിന് താഴെ ഇറക്കി വെക്കാൻ നാട്ടുകാർ അനുവദിച്ചില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കുറ്റികൾ തിരികെ ലോറിയിൽ കയറ്റി കൊണ്ടുപോയി.

രാവിലെ 10 മണിയോടെ ആണ് രണ്ട് മിനി ലോറികളിൽ കെ റെയിൽ കുറ്റികൾ കൊണ്ടുവന്നത്. തിരുനാവായ മേൽപ്പാലത്തിന് അടുത്ത് റെയിൽവേയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് കുറ്റികള്‍ ഇറക്കാനും തുടങ്ങി. കെ റെയില്‍ കല്ലുകള്‍ ഇറക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ സ്ഥലത്തെത്തി നടപടി തടയുകയും പ്രതിഷേധം തുടങ്ങുകയും ചെയ്തു. 200 ഓളം മഞ്ഞ കുറ്റികളാണ് ഇറക്കാനായി കൊണ്ടുവന്നതെങ്കിലും 100 എണ്ണം മാത്രമേ ഇറക്കാൻ സാധിച്ചുള്ളൂ.

മുമ്പ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സൂക്ഷിച്ചിരുന്ന കെ റെയിൽ കുറ്റികൾ റെയിൽവേയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് സൂക്ഷിക്കാനാണ് കൊണ്ടുവന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ഈ നീക്കവും ഉപേക്ഷിച്ചു. 12 മണിയോടെ ഇറക്കിയ കുറ്റികളെല്ലാം തൊഴിലാളികൾ തിരികെ വണ്ടിയിൽ കയറ്റി രണ്ട് ട്രക്കുകളും മടങ്ങിപ്പോയി.