ബാർ കോഴയില്‍ പിണറായി സർക്കാരിന്‍റെ മുഖം രക്ഷിക്കാന്‍ നീക്കം; വെള്ള പൂശി റിപ്പോർട്ട് സമർപ്പിക്കാന്‍ ക്രൈം ബ്രാഞ്ച്

Jaihind Webdesk
Tuesday, July 23, 2024

 

തിരുവനന്തപുരം: ബാർകോഴയിൽ കോഴയിടപാട് ഇല്ലെന്ന വിചിത്ര കണ്ടെത്തലിൽ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കാൻ ക്രൈം ബ്രാഞ്ച് നീക്കം ശക്തമാക്കി. കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് പിരിവാണ് നടന്നതെന്ന ബാറുടമകളുടെ മൊഴികളുടെ പിൻബലത്തിൽ കോഴ ഇടപാട് തള്ളി എക്സൈസ് വകുപ്പിന്‍റെയും സർക്കാരിന്‍റെയും മുഖം രക്ഷിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിടുന്നത്.

സർക്കാരിന്‍റെ പുതിയ മദ്യനയത്തിൽ ഡ്രൈ ഡേ ഒഴിവാക്കാനും ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കുന്നതും ഉൾപ്പെടെയുള്ള അനുകൂല തീരുമാനങ്ങൾക്കായി കോഴ നൽകുന്നതിന് ഓരോ ബാറുടമകളും രണ്ടര ലക്ഷം രൂപ വീതം നൽകണമെന്ന് വ്യക്തമാക്കിക്കൊണ്ട് ബാറുടമ സംഘം ഇടുക്കി ജില്ലാ പ്രസിഡന്‍റ് അനിമോൻ സംഘടനയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശമാണ് കോഴ ഇടപാടിലേക്ക് വിരൽ ചൂണ്ടിയത്. എന്നാൽ കോടികളുടെ ബാർകോഴ ഇടപാടിന്‍റെ വ്യക്തമായ സൂചന നൽകുന്ന ശബ്ദസന്ദേശം ഉൾപ്പെടെ തള്ളിക്കൊണ്ടാണ് ക്രൈം ബ്രാഞ്ച് വിചിത്ര അന്വേഷണ റിപ്പോർട്ട് നൽകാന്‍ ഒരുങ്ങുന്നത്.

കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് പിരിവ് ലക്ഷ്യമാക്കിയായിരുന്നു ഈ ശബ്ദ സന്ദേശം എന്ന ബാറുമകളുടെ കപട മൊഴി അംഗീകരിച്ചുകൊണ്ട് അന്വേഷണ റിപ്പോർട്ട് നൽകാനാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിട്ടിരിക്കുന്നത്. സംഘടനയുടെയും അംഗങ്ങളുടെയും ബാങ്കിടപാടുകൾ ഉൾപ്പെടെ പരിശോധിച്ചിട്ടും കോഴയിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ ഒന്നും ലഭിച്ചില്ലെന്ന വാദമുയർത്തി അന്വേഷണം അവസാനിപ്പിക്കുവാനാണ് നീക്കം. ബാറുടമകളുടെ സംഘടനയിൽ നിലനിന്ന ചേരിപ്പോരും ശബ്ദസന്ദേശത്തിന് പിന്നിലുണ്ടെന്ന വാദവും അന്വേഷണം അവസാനിപ്പിക്കുന്ന റിപ്പോർട്ടിൽ ക്രൈം ബ്രാഞ്ച് എടുത്തു കാട്ടിയിട്ടുണ്ട്. അനിമോൻ മദ്യലഹരിയിലാണ് ഇത്തരം ഒരു സന്ദേശം അയച്ചതെന്ന കണ്ടെത്തലും ക്രൈം ബ്രാഞ്ച് നടത്തിയിട്ടുണ്ട്.

40 പേരടങ്ങുന്ന ഗ്രൂപ്പിൽ വന്ന സന്ദേശം ഡിലീറ്റ് ചെയ്തതോടെ ഇത് സംബന്ധിച്ച് തെളിവുകൾ കണ്ടെത്തണമെങ്കിൽ എല്ലാ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരുമെന്നും ഇതിന് കാല താമസം വരുത്തുമെന്നതും ഉൾപ്പെടെയുള്ള മുടന്തൻ ന്യായങ്ങൾ നിരവധി നിരത്തിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നത്. കോഴ ആരോപണം ഉയർന്നതോടെ മന്ത്രി എം.ബി. രാജേഷ് നൽകിയ പരാതിയിലായിരുന്നു ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ക്രൈം ബ്രാഞ്ച് എസ്പി മധുസൂദനന്‍റെ നേതൃത്വത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തിൽ നിരവധി പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴികൾ മാത്രം ആധാരമാക്കി കോഴ ആരോപണം ഇല്ലെന്ന വിചിത്ര കണ്ടെത്തലിൽ എക്സൈസ് വകുപ്പിനെയും സർക്കാരിനെയും പൂർണ്ണമായി സംരക്ഷിച്ച് അന്വേഷണം അവസാനിപ്പിക്കാനുള്ള റിപ്പോർട്ട് ഈ മാസം നൽകാനാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിട്ടിരിക്കുന്നത്.