പിഎച്ച്ഡി പ്രവേശനത്തിനും പിന്‍വാതില്‍ തുറക്കാന്‍ നീക്കം: എസ്എഫ്ഐക്കാരെ തിരുകിക്കയറ്റാനെന്ന് ആക്ഷേപം; ഗവർണർക്ക് നിവേദനം നല്‍കി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ന്‍ കമ്മിറ്റി

Jaihind Webdesk
Saturday, March 30, 2024

 

തിരുവനന്തപുരം: യുജിസി വിലക്കിയിട്ടും എംജി സര്‍വകലാശാല പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്താനുള്ള തീരുമാനം വിവാദമാകുന്നു. മലയാളം സര്‍വകലാശാലയും നെറ്റ് യോഗ്യതയുള്ളവരെ ഒഴിവാക്കി പിഎച്ച്ഡിക്ക് പ്രവേശനം നല്‍കിയതായി പരാതിയുണ്ട്. എസ്എഫ്ഐക്കാര്‍ക്ക് പിന്‍വാതില്‍ പ്രവേശനത്തിനുള്ള വഴി വീണ്ടും തുറക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ന്‍ കമ്മിറ്റി ഗവർണർക്ക് നിവേദനം നല്‍കി.

വിവിധ സര്‍വകലാശാലകള്‍ സ്വന്തമായി നടത്തുന്ന പ്രവേശന പരീക്ഷകള്‍ വിലക്കിക്കൊണ്ട് യുജിസി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മാര്‍ഗനിര്‍ദ്ദേശം മറികടന്നാണ് എംജി സര്‍വകലാശാല പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്നത്. യുജിസിയുടെ ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച് പിഎച്ച്ഡി പ്രവേശന പരീക്ഷ ദേശീയതലത്തില്‍ ഏകീകരിച്ചിട്ടുണ്ട്. ഗവേഷണസ്ഥാപനങ്ങള്‍ ഇനിമുതല്‍ പ്രത്യേക പ്രവേശന പരീക്ഷ നടത്തരുതെന്നും യുജിസി നടത്തുന്ന ദേശീയ തല പരീക്ഷയുടെ സ്‌കോര്‍ അനുസരിച്ച് ആയിരിക്കണം ഗവേഷകര്‍ക്ക് പിഎച്ച്ഡിക്ക് പ്രവേശനം നല്‍കേണ്ടതെന്നും യുജിസി വിസിമാര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

നെറ്റ് സ്‌കോറിനോടൊപ്പം 30 ശതമാനം മാര്‍ക്ക് ഇന്‍റര്‍വ്യൂവിന് നല്‍കിയാണ് അന്തിമ റാങ്ക് പട്ടിക തയാറാക്കേണ്ടതെന്ന് യുജിസി യുടെ ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ ഉത്തരവിന് വിരുദ്ധമായാണ് മുന്‍ വര്‍ഷങ്ങളിലെപ്പോലെ പ്രത്യേക പ്രവേശന പരീക്ഷ നടത്താന്‍ എംജി സര്‍വകലാശാല കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചത്. നെറ്റ് യോഗ്യത നേടിയവര്‍ക്ക് പിഎച്ച്ഡി പ്രവേശനത്തിന് മുന്‍ഗണന നല്‍കണമെന്ന നിലവിലുണ്ടായിരുന്ന വ്യവസ്ഥ പോലും മറികടന്ന് മലയാളം, സംസ്‌കൃത സര്‍വകലാശാലകള്‍ പ്രവേശനം നല്‍കിയതായും പരാതികളുണ്ട്. സര്‍വകലാശാല പ്രവേശനപരീക്ഷ നടത്തുന്നതിലെ പഴുതുകള്‍ ഉപയോഗിച്ചാണ് എസ്എഫ്ഐ വിദ്യാര്‍ത്ഥി നേതാക്കള്‍ വ്യാപകമായി ഗവേഷണ പ്രവേശനം നേടുന്നതെന്ന ആക്ഷേപം ശക്തമാണ്.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ന്‍ കമ്മിറ്റി ചാന്‍സിലർ കൂടിയായ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. പിന്‍വാതില്‍ പിഎച്ച്ഡി പ്രവേശനം തടയാന്‍ സഹായകമായ യുജിസിയുടെ പുതിയ ഉത്തരവ് അടിയന്തരമായി നടപ്പാക്കാന്‍ എല്ലാ വിസിമാര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ന്‍ കമ്മിറ്റി ഗവർണർക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.