ബാബുവിനെതിരെ കേസെടുക്കാനുള്ള നീക്കം; നടപടി നിർത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായി വനം മന്ത്രി

 

തിരുവനന്തപുരം: ട്രെക്കിംഗിനിടെ പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ചെറാട് സ്വദേശി ബാബുവിനെതിരെ കേസെടുക്കാനുള്ള നീക്കം നിർത്തിവെക്കാന്‍ നിർദേശം നല്‍കിയതായിവനം മന്ത്രി എ.കെ ശശീന്ദ്രന്‍. വനമേഖലയില്‍ അനുമതിയില്ലാതെ കടന്നുകയറിയതിന് ബാബുവിനെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വനംവകുപ്പിന്‍റെ നീക്കം തിടുക്കത്തിലായിപ്പോയെന്ന് വനം മന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായും മുഖ്യവനപാലകനുമായും വിഷയം സംസാരിച്ചതായും  നടപടി നിർത്തിവെക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മലമ്പുഴയിലെ പാറയിടുക്കിൽ കുടുങ്ങിയ യുവാവിനെ 43 മണിക്കൂറിന് ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. സുഹൃത്തുക്കൾക്കൊപ്പം മല കയറിയ ബാബു കാൽ വഴുതി വീണാണ് അപകടം സംഭവിച്ചത്. നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് ബാബു.

Comments (0)
Add Comment