മെഹുല്‍ ചോക്‌സിയെ ഇന്ത്യയില്‍ എത്തിക്കാന്‍ നീക്കം; സിബിഐ, ഇ.ഡി ഉദ്യോഗസ്ഥര്‍ ബെല്‍ജിയത്തിലേക്ക്

Jaihind News Bureau
Tuesday, April 15, 2025

ബെല്‍ജിയത്തില്‍ അറസ്റ്റിലായ പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതി ഇന്ത്യന്‍ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കവുമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. സിബിഐ, ഇ.ഡി ഉദ്യോഗസ്ഥര്‍ ബെല്‍ജിയത്തിലേക്ക് പോകാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. രക്താര്‍ബുദ്ധത്തിന് ചികിത്സയിലാണെന്ന് കാട്ടി ജാമ്യത്തിന് അപേക്ഷ നല്‍കാനാണ് മെഹുല്‍ ചോക്‌സിയുടെ നീക്കം.

മെഹുല്‍ ചോക്‌സിയെ കൈമാറുന്നതിനുള്ള രേഖകള്‍ തയ്യാറാക്കുന്നതിനും ബെല്‍ജിയം സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങള്‍ക്കുമായി സിബിഐ, ഇ.ഡി ഉദ്യോഗസ്ഥര്‍ ബെല്‍ജിയത്തിലേക്ക് പോകുകയാണ്. ഇന്ത്യന്‍ അധികൃതരുടെ ആവശ്യപ്രകാരം ഏപ്രില്‍ 12-നാണ് ചോക്‌സിയെ ബെല്‍ജിയം പോലീസ് അറസ്റ്റ് ചെയ്തത്. ബെല്‍ജിയത്തിലേക്ക് പോകാനുള്ള ഉദ്യോഗസ്ഥരുടെ പേരുകള്‍ ഇ.ഡി, സിബിഐ ആസ്ഥാനങ്ങളില്‍ തയ്യാറായി വരികയാണ് . ഇരു ഏജന്‍സികളില്‍നിന്നും രണ്ടോ മൂന്നോ ഉദ്യോഗസ്ഥര്‍ വീതമായിരിക്കും പോകുക. ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച് ചോക്‌സി നിയമപരമായ തടസ്സങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് കേസുകള്‍ സംബന്ധിച്ച് വിശദമായ രേഖകള്‍ സഹിതമാണ് ഉഗ്യോഗസ്ഥര്‍ ബെല്‍ജിയത്തിലേക്ക് തിരിക്കുന്നത്. ഇരു അന്വേഷണ ഏജന്‍സികളുടേയും മേധാവികള്‍ ചര്‍ച്ചകളും ഇതിനോടകം നടത്തിയിട്ടുണ്ട്.

അറസ്റ്റിന് പിന്നാലെ ചോക്‌സിക്ക് ജാമ്യം ലഭ്യമാക്കുനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് കഴിഞ്ഞ ദിവസം ചോക്‌സിയുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. കാന്‍സര്‍ ചികിത്സ നടത്തുകയാണെന്നും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകളും ഉന്നയിച്ചാണ് ചോക്‌സി ജാമ്യത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. 2018ലും 2021-ലുമായി മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് ചോക്‌സിയെ പിടികൂടിയിരിക്കുന്നത്.പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം നേരിടുന്ന ചോക്‌സി, ഭാര്യ പ്രീതി ചോക്‌സിക്കൊപ്പം ബെല്‍ജിയത്തില്‍ താമസിച്ചു വരികയായിരുന്നു.