സംസ്ഥാനത്ത് വീണ്ടും അനധികൃത നിയമനത്തിന് നീക്കം; കിലയില്‍ സി.പി.എം അനുഭാവികളെ തിരുകിക്കയറ്റാന്‍ കളമൊരുങ്ങി, രേഖകൾ പുറത്ത് | VIDEO

Jaihind News Bureau
Friday, July 3, 2020

 

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും അനധികൃത നിയമനത്തിന് നീക്കം. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിലാണ് (KILA) ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ള അനധികൃത നിയമനത്തിന് വഴിയൊരുങ്ങുന്നത്. കിലയിലെ ഉന്നത ഫാക്കൽറ്റിയിൽ സി.പി.എം അനുയായികളെ നിയമിക്കാനാണ് നീക്കം.

കിലയുടെ നിയമാവലി പ്രകാരം ഫാക്കൽറ്റി തസ്തികകൾ ആയ അസിസ്റ്റന്‍റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തുടങ്ങിയവയുടെ അടിസ്ഥാനയോഗ്യത ബിരുദാനന്തര ബിരുദവും  പി.എച്ച്.ഡിയും ആണ്.  എന്നാൽ പി.എച്ച്.ഡി ഇല്ലാത്ത പാർട്ടി അനുയായികളെ  നിയമിക്കാനായി യോഗ്യതയിൽ ഇളവ് വരുത്തി. ഇതിനായി പ്രൊഫസർ തസ്തികയുടെ പേര് മാറ്റിക്കൊണ്ട്  ബിരുദാനന്തര ബിരുദം മാത്രം അടിസ്ഥാനയോഗ്യത ആക്കി ചെയർ  പ്രൊഫസർ,  സീനിയർ ഫെലോ അസോസിയേറ്റ് ഫെലോ എന്നീ തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിറക്കി.

കിലയിലെ  സെന്‍റർ ഫോർ അർബൻ ഗവേൺസിന്‍റെ  പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ്  മൂന്ന് ഫാക്കൽറ്റി തസ്തികകൾ സൃഷ്ടിക്കുന്നതെന്നാണ് വിശദീകരണം. ചെയർ  പ്രൊഫസർക്ക് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും യോഗ്യതയായി നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ ബാക്കി രണ്ട് തസ്തികയ്ക്കും  ബിരുദാനന്തര ബിരുദമാണ് അടിസ്ഥാനയോഗ്യത. കിലയുടെ ബൈലോ പ്രകാരം പി.എച്ച്.ഡി വേണം എന്നതിനാലാണ് സീനിയർ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ എന്നീ തസ്തികയുടെ പേരിൽ പ്രൊഫസറിന്  പകരം ഫെലോ ആക്കി  യോഗ്യതയിൽ  ഇളവ് വരുത്തിയത്. മികവുറ്റ അക്കാദമിക്ക് സ്ഥാപനങ്ങളിൽ ഫെലോ, അസോസിയേറ്റ് ഫെലോ എന്നിങ്ങനെയാണ് തസ്തികയുടെ പേര്. എന്നാൽ ഇവ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫ. എന്നീ തസ്തികകൾക്ക് തുല്യവും  അടി സ്ഥാന യോഗ്യത പി.എച്ച്.ഡിയുമാണ് എന്നിരിക്കെയാണ് കിലയിൽ തസ്തികയ്ക്ക് പേര് മാറ്റി യോഗ്യതയിൽ ഇളവ് വരുത്തിയിരിക്കുന്നത്. പി.എച്ച്.ഡി ഇല്ലാത്ത പാർട്ടി അനുയായികളെ ഉന്നത ഫാക്കല്‍റ്റി തസ്തികയിൽ തിരുകി കയറ്റുന്നതിനാണ് ഈ നീക്കം.

യോഗ്യതയിൽ ഇളവ് വരുത്തിയെങ്കിലും ശമ്പള സ്കെയിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസറിന്‍റേത് തന്നെയാണ്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് പാർട്ടി അനുയായികളെ നിയമിക്കുന്നതിനുള്ള ഗൂഢ നീക്കം. കിലയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന സി.പി.എം അനുഭാവിയായ ഡ്രൈവറെ സ്ഥിരപ്പെടുത്തുന്നതിന് യോഗ്യതയിൽ ഇളവ് വരുത്തി ഈ അടുത്ത കാലത്ത് ഉത്തരവിറക്കിയതും വിവാദമായിരുന്നു. കിലയിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിന് 2015 ലെ  എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനം എടുത്തിരുന്നെങ്കിലും ഇതിന് വിരുദ്ധമായ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. പാർട്ടി അനുയായികളെ തിരുകി കയറ്റുന്നതിനാണ് യു.എൻ.ഡി.പിയുടെ കരിമ്പട്ടികയിലുള്ള ഡോ. ജോയ് ഇളമനെ കില ഡയറക്ടർ ജനറൽ സ്ഥാനത്ത് നിലനിർത്തിയിരിക്കുന്നതെതെന്ന ആക്ഷേപവും ശക്തമാണ്.