എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം; മൗണ്ട് സിയോണ്‍ കോളേജിലെ നിയമവിദ്യാര്‍ത്ഥിനി കോടതിയിലേക്ക്

Jaihind Webdesk
Monday, December 25, 2023


എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റെന്ന പരാതി നല്‍കിയ പത്തനംതിട്ട മൗണ്ട് സിയോണ്‍് കോളേജിലെ നിയമവിദ്യാര്‍ത്ഥിനി പോലീസിന് എതിരെ കോടതിയിലേക്ക്. മര്‍ദ്ദിച്ചവര്‍ക്ക് എതിരെ നിസാര വകുപ്പുകള്‍ ചുമത്തിയാണ് ആറന്മുള പോീസ് കേസ് എടുത്തിരിക്കുന്നത്. കേസ് അന്വേഷണത്തില്‍ പോലീസ് ബോധപൂര്‍വ്വം വീഴ്ച വരുത്തി,പോലീസിന്റെ മോശം പെരുമാറ്റം എന്നിവ ചൂണ്ടികാട്ടി ബുധനാഴ്ച കോടതിയെ സമീപിക്കും എന്ന് പെണ്‍കുട്ടി വ്യക്തമാക്കി. ആറന്‍മുള പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസം ഇല്ലെന്നും നീതി കിട്ടണം എന്നും ആവശ്യപ്പെട്ടു ഡിജിപി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. മര്‍ദ്ദനമേറ്റെന്ന പരാതി നല്‍കി മൂന്ന് ദിവസം കഴിഞ്ഞും രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് എസ്എഫ്‌ഐക്കാര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ അതിനുശേഷം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിക്കെതിരെ നല്‍കിയ പരാതികളില്‍ മിന്നല്‍ വേഗത്തിലാണ് പോലീസ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിദ്യാര്‍ത്ഥിനിക്ക് വേണ്ടി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു നേതാക്കള്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.