കണ്ണൂർ കോർപ്പറേഷനില്‍ സി.പി.എം നടത്തിയത് കുതിരക്കച്ചവടവും ധാർമ്മികത ഇല്ലാത്ത നടപടിയുമെന്ന് സതീശൻ പാച്ചേനി

Jaihind News Bureau
Friday, March 20, 2020

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷിനെ ഡെപ്യൂട്ടി മേയർ സ്ഥാനത്ത് നിന്നും ഒഴിവാക്കാൻ മുസ്ലിം ലീഗിൻ്റെ കൗൺസിലറെ സംസ്ഥാന ഭരണസ്വാധീനം ഉപയോഗിച്ച് കുതിരക്കച്ചവടം നടത്തി കൂറ് മാറ്റിച്ച സി.പി.എം കണ്ണൂരിന് കേട്ടുകേൾവിയില്ലാത്ത ശൈലിയാണ് സ്വീകരിച്ചതെന്നും ജനാധിപത്യ മര്യാദയില്ലാത്തതും ധാർമ്മികതയില്ലാത്തതുമായ നടപടിയാണിതെന്നും ഡിസിസി പ്രസിഡന്‍റ്  സതീശൻ പാച്ചേനി പറഞ്ഞു.

സ്വതന്ത്രനായി മത്സരിച്ച് തെരഞ്ഞെടുപ്പിൽ ജയിച്ച പി.കെ രാഗേഷ് കോൺഗ്രസ് പക്ഷത്തേക്ക് വന്നപ്പോൾ ജനാധിപത്യ ധാർമികതയുടെ പേര് പറഞ്ഞ സിപിഎം ലീഗ് ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച കോർപ്പറേഷൻ കൗൺസിലർ കൂറ് മാറ്റത്തിലൂടെ സി പി എമ്മിന് ഒപ്പം ചേർന്ന് ഡെപ്യൂട്ടി മേയറെ അവിശ്വാസ ചർച്ചയിൽ പരാജയപ്പെടുത്തിയ നാണംകെട്ട ധാർമ്മികതയില്ലാത്ത നടപടിയെ കുറിച്ച് ഇപ്പോൾ സി.പി.എമ്മിന് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണം.

സിപിഎം നേതൃത്വത്തിൽ കോർപ്പറേഷൻ ഭരണം നടത്തിയപ്പോൾ സിപിഎം പ്രവർത്തകർക്ക് പോലും താൽപര്യമില്ലാത്ത രൂപത്തിലായിരുന്നു ഭരണ സംവിധാനം മുന്നോട്ട് പോയത്. ജനവിശ്വാസം ആർജ്ജിക്കാനോ കാര്യക്ഷമമായി ഭരണം നടത്താനോ കഴിഞ്ഞ ഭരണസമിതിക്ക് സാധിച്ചിരുന്നില്ല. സുമാ ബാലകൃഷ്ണൻ മേയർ സ്ഥാനം ഏറ്റെടുത്തതിന് ശേഷം കോർപ്പറേഷൻ ഭരണരംഗം അടിമുടി മാറി കാര്യക്ഷമതയോടെ മുന്നോട്ടുപോകുന്നതിലുള്ള അസൂയയാണ് സിപിഎമ്മിനുണ്ടായത്.

അവിശ്വാസ പ്രമേയ ചർച്ചയിൽ പോലും സ്ത്രീവിരുദ്ധതയും മലീമസമായ വാക്കുകളും ഉയോഗിച്ച് കൗൺസിലിൻ്റെ അന്തസ് ഇടിച്ച് താഴ്ത്തുന്ന സമീപനമാണ് സി.പി.എം കൗൺസിലർ സ്വീകരിച്ചത്. വികസനരംഗത്ത് കൃത്യതയോടെ കാര്യക്ഷമമായി കോർപ്പറേഷൻ ഭരണം മുന്നോട്ടു പോകുമ്പോൾ അസഹിഷ്ണുതയുള്ള സിപിഎം നേതൃത്വം ഭരണസംവിധാനത്തെ അരക്ഷിതാവസ്ഥയിൽ എത്തിക്കുന്നതിനുവേണ്ടിയുള്ള നടപടിയുമായി മുന്നോട്ടു പോവുകയാണെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഡിസിസി പ്രസിഡന്‍റ്  സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.