Mahila Saahas Kerala Yathra| പിണറായി സര്‍ക്കാരിനെതിരെ ‘അമ്മമാരുടെ കുറ്റപത്രം’; മഹിള സാഹസ് കേരള യാത്ര ഇന്ന് സമാപിക്കും

Jaihind News Bureau
Monday, September 29, 2025

പിണറായി സര്‍ക്കാരിനെതിരെ വനിതകളുടെ രോഷാഗ്‌നി ഉയര്‍ത്തിക്കൊണ്ട്, മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം.പി. നയിച്ച ‘മഹിള സാഹസ് കേരള യാത്ര’ ഇന്ന് സമാപിക്കും. വീട്ടമ്മമാരില്‍ നിന്ന് ശേഖരിച്ച സര്‍ക്കാരിനെതിരെയുള്ള ‘അമ്മമാരുടെ കുറ്റപത്രം’ സെക്രട്ടറിയേറ്റിന് മുന്നില്‍ സമര്‍പ്പിച്ചുകൊണ്ടാണ് ജാഥ അവസാനിക്കുന്നത്.

ജനുവരി നാലിന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച യാത്ര, 138 ദിവസം കൊണ്ട് സംസ്ഥാനത്തെ 1474 മണ്ഡലം കേന്ദ്രങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. ഈ പര്യടനത്തിലുടനീളം വീട്ടമ്മമാരില്‍ നിന്ന് നേരിട്ട് ശേഖരിച്ച സര്‍ക്കാരിനെതിരെയുള്ള പരാതികളും ആക്ഷേപങ്ങളും ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയത്.

രാവിലെ 10.30 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ‘അമ്മമാരുടെ പ്രതിഷേധ സംഗമം’ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ്് സണ്ണി ജോസഫ് എം.എല്‍.എ. മുഖ്യാതിഥിയായിരിക്കും. സര്‍ക്കാരിനെതിരായ വനിതകളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പില്‍ വിഷയം ചര്‍ച്ചയാക്കുന്നതിനും ലക്ഷ്യമിട്ടാണ് മഹിള കോണ്‍ഗ്രസ് യാത്ര സംഘടിപ്പിച്ചത്.