ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: വീണ്ടും ജാമ്യാപേക്ഷ നല്‍കി പ്രതി നോബി

Jaihind News Bureau
Tuesday, March 18, 2025

ഏറ്റുമാനൂരില്‍ അമ്മയും പെണ്‍മക്കളും ട്രെയിനിന് മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി പ്രതി നോബി. ആത്മഹത്യയില്‍ പ്രേരണ കുറ്റം ചുമത്തി അറസ്റ്റിലായ നോബി ലൂക്കോസാണ് വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്. കോട്ടയം ജില്ല സെഷന്‍സ് കോടതിയിലാണ് ജാമ്യ അപേക്ഷ നല്‍കിയത്. നോബിയുടെ ജാമ്യ അപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും.

ഫെബ്രുവരി 28 ആയിരുന്നു നോബിയുടെ ഭാര്യ ഷൈനി കുര്യാക്കോസ് പെണ്‍മക്കളായ അലീനയ്ക്കും, ഇവാനക്കും ഒപ്പം ഓടുന്ന ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് നോബിയില്‍ നിന്നും ഉണ്ടായ മാനസിക പ്രശ്‌നമാണ് മൂവരുടെയും ആത്മഹത്യക്ക് പിന്നില്‍. ഇതിനു പിന്നാലെയാണ് പോലീസ് നോബിയെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. മുന്‍പ് ഏറ്റുമാനൂര്‍ സെഷന്‍സ് കോടതിയില്‍ നോബി സമര്‍പ്പിച്ച ജാമ്യ അപേക്ഷ കോടതി തള്ളിയിരുന്നു, പിന്നാലെയാണ് വീണ്ടും കോട്ടയം ജില്ല സെഷന്‍സ് കോടതിയില്‍ ഇയാള്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.